മെറ്റ: യൂറോപ്യൻ യൂണിയൻ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജർമൻ ഡിജിറ്റൽ മന്ത്രി
Mail This Article
ബെർലിൻ ∙ മെറ്റയുടെ പുതിയ നിർദേശങ്ങൾ യൂറോപ്യൻ കമ്മീഷൻ സൂക്ഷ്മമായി പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജർമൻ ഡിജിറ്റൽ -ഗതാഗത മന്ത്രി ഡോ.ഫോൾക്കർ വിസിങ്. ലാസ് വെഗാസിലെ സിഇഎസ് ടെക്‌നോളജി ഷോ സന്ദർശിക്കുന്നതിനിടെയാണ് മെറ്റയുടെ നിർദേശങ്ങളിൽ അഭിപ്രായ പ്രകടനം നടത്തിയത്.
യൂറോപ്യൻ യൂണിയന്‍റെ പുതിയ കമ്മീഷണർ ഹെന്ന വിർക്കുനെനുമായി വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ വിദ്വേഷ പ്രസംഗങ്ങൾക്കും പ്രകോപനങ്ങൾക്കും എതിരെ യൂറോപ്യൻ യൂണിയനിൽ വ്യക്തമായ നിയമങ്ങൾ ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഫെയ്‌സ്ബുക്ക് ഗ്രൂപ്പായ മെറ്റ തേർഡ് പാർട്ടി ഫാക്ട് ചെക്കിങ് ഒഴിവാക്കിയതിനും തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കിയതിനുമെതിരെ യൂറോപ്യൻ യൂണിയൻ രംഗത്തെത്തിയിട്ടുണ്ട്. ഫാക്ട് ചെക്കിങ് ഒഴിവാക്കിയതിന്റെ അപകട സാധ്യതകൾ മെറ്റ വിലയിരുത്തേണ്ടത് അനിവാര്യമാണെന്നാണ് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടിരിക്കുന്നത്.
(വാർത്ത: അനിൽ മൈലടുംപാറ)