250 കിലോഗ്രാം ഭാരം, രണ്ടാം ലോകമഹായുദ്ധത്തിലേത്; ഡ്രസ്ഡെൻ നഗരത്തിൽ നിന്ന് ഒഴിപ്പിച്ചത് 10,000 ആളുകളെ
Mail This Article
ബര്‍ലിന്‍ ∙ഡ്രസ്ഡെൻ നഗരത്തിൽ കരോള പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കിടെ രണ്ടാം ലോക മഹായുദ്ധ കാലത്ത് ഉപയോഗിച്ച ബോംബ് കണ്ടെത്തിയതിനെ തുടർന്ന് നഗരമധ്യത്തിലെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 10,000 താമസക്കാരെ ഒഴിപ്പിച്ചു.
നഗരത്തിന്റെ മധ്യഭാഗത്തായുള്ള പാലത്തിന്റെ നിർമാണത്തിനിടെയാണ് രണ്ടാം ലോക മഹായുദ്ധകാലത്ത് ഉപയോഗിച്ച 250 കിലോഗ്രാം ഭാരമുള്ള ഇംഗ്ലിഷ് ഏരിയൽ ബോംബാണ് കണ്ടെടുത്തത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. 10,000 പേരെ പരിസര പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ചതായി ഡ്രസ്ഡെൻ സിറ്റി അധികൃതര്‍ സ്ഥിരീകരിച്ചു.
ഒഴിപ്പിക്കലിന്റെ ഭാഗമായി ഡ്രസ്ഡെന്നിലെ പഴയ പട്ടണത്തിന്റെ ഭൂരിഭാഗവും അടച്ചുപൂട്ടി. ഹോട്ടലുകള്‍, ഫ്രൗന്‍കിര്‍ഷെ, ധനമന്ത്രാലയം, സ്റ്റേറ്റ് ചാന്‍സലറി എന്നിവ ഉള്‍പ്പെടെയാണ് ഒഴിപ്പിച്ചത്. ബോംബ് നിർവീര്യമാക്കുന്നതിന്റെ ഭാഗമായി പൊതുജനസുരക്ഷ ഉറപ്പാക്കാനാണ് ആളുകളെ ഒഴിപ്പിച്ചത്.
രണ്ടാം ലോകമഹായുദ്ധം അവസാനിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷവും യുദ്ധസമയത്ത് പൊട്ടിത്തെറിക്കാതിരുന്ന അനവധി സ്ഫോടകവസ്തുക്കള്‍ ജര്‍മ്മനിയില്‍ സ്ഥിരമായി കണ്ടെത്തുന്നുണ്ട്. 2022-ല്‍ ബെര്‍ലിനിലെ വിവിധ ജില്ലകളില്‍ നിന്ന് രണ്ട് അര ടണ്‍ ബോംബുകള്‍ കണ്ടെത്തി. ജര്‍മനിയുടെ മണ്ണില്‍ ഇപ്പോഴും 20000 ഓളം കണ്ടുപിടിക്കാത്ത ബോംബുകള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദശകത്തില്‍, പഴയ ബോംബുകളില്‍ നിന്നുള്ള രണ്ട് സ്ഫോടനങ്ങളെങ്കിലും ജര്‍മ്മനിയില്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും മരിക്കുകയും ചെയ്തു.
2021 ല്‍ മ്യൂണിക്കിലെ ഒരു നിര്‍മ്മാണ സൈറ്റില്‍ ഒരു പഴയ ബ്രിട്ടീഷ് ബോംബ് പൊട്ടിത്തെറിച്ചു നാല് പേര്‍ക്ക് പരുക്കേറ്റിരുന്നു. 2014 ല്‍ നോര്‍ത്ത്~റൈനിലെ യൂസ്കിര്‍ച്ചനിലുണ്ടായ സ്ഫോടനത്തിൽ വെസ്ററ്ഫാലിയിലെ നിര്‍മ്മാണ തൊഴിലാളി കൊല്ലപ്പെടുകയുംമറ്റ് രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധത്തില്‍ അവശേഷിച്ച ഏകദേശം 2,000 ടണ്‍ സ്ഫോടകവസ്തുക്കള്‍ ജര്‍മ്മനിയില്‍ ഇപ്പോഴും ഓരോ വര്‍ഷവും കണ്ടെത്തുന്നുണ്ട്.