പനിച്ചു വിറച്ച് ബ്രിട്ടൻ; ഫ്ലൂവുമായി ദിവസേന ആശുപത്രിയിലെത്തുന്നത് 5400 പേർ
![flu-rises-sharply-in-england-hospitals Representative Image. Image Credit: Nastasic/iStockphoto.com](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/europe/images/2025/1/10/flu-rises-sharply-in-england-hospitals-fever-health.jpg?w=1120&h=583)
Mail This Article
ലണ്ടൻ ∙ മഞ്ഞും മഴയും കനത്തതിനൊപ്പം ബ്രിട്ടനിൽ ഫ്ലൂ ബാധിതരുടെ എണ്ണവും ദിവസേന വർധിക്കുന്നു. പനിക്ക് ചികിത്സതേടി ദിവസേന എൻ.എച്ച്.എസ് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം 5400 ആയെന്നാണ് കണക്കുകൾ. കഴിഞ്ഞയാഴ്ചത്തേക്കാൾ ആയിരം പേരാണ് ദിവസവും അധികമായി സമാന രോഗലക്ഷണങ്ങളുമായി ചികിത്സ തേടുന്നത്.
എൻ.എച്ച്.എസ് ഇംഗ്ലണ്ടിലെ ഇരുപതു ട്രസ്റ്റുകളിൽ രോഗികളുടെ ബാഹുല്യം മൂലം ക്രിട്ടിക്കൽ ഇൻസിഡന്റ് പ്രഖ്യാപിച്ചു. വെൽഷ് ആംബുലൻസ് സർവീസും സമാനമാായി ക്രിട്ടിക്കൽ ഇൻസിഡന്റ് പ്രഖ്യാപിച്ചു. സ്കോട്ട്ലൻഡിലും സമാനമായ സാഹചര്യമാണെന്നാണ് റോയൽ കോളജ് ഓഫ് എമർജൻസി സാക്ഷ്യപ്പെടുത്തുന്നത്. ആക്സിഡന്റ് ആൻഡ് എമർജൻസി യൂണിറ്റുകളിലെ സ്ഥിതി കോവിഡ് കാലത്തേതിന് സമാനമാണെന്ന് എൻ.എച്ച്.എസ്. ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ പ്രഫ. സർ സ്റ്റീഫൻ പോവിസ് പറഞ്ഞു. നേരത്തെ പ്രതിപക്ഷനേതാക്കൾ ഉൾപ്പെടെയുള്ളവർ ഈ വിമർശനം ഉന്നയിച്ചിരുന്നു. ഫ്ലൂ ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം 2023ലേതിനേക്കാൾ മൂന്നിരട്ടി കൂടുതലാണെന്നാണ് എൻ.എച്ച്.എസ് ഇംഗ്ലണ്ടിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.