പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തേടി ജർമനിയിൽ നിന്ന് യുകെയിലെത്തി; പ്രതിയെ കുരുക്കിയത് രഹസ്യ ഫോണും ചാറ്റുകളും
Mail This Article
ലണ്ടൻ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ബന്ധംപുലർത്തണമെന്ന ആഗ്രഹവുമായി ജർമനിയിൽ നിന്ന് യുകെയിലെത്തിയ യുവാവിന് കോടതി ശിക്ഷ വിധിച്ചു. എട്ടര വർഷത്തെ ശിക്ഷയാണ് 36 വയസ്സുകാരനായ മൈക്കൽ ഷാബ്ലിംഗറിന് കോടതി വിധിച്ചിരിക്കുന്നത്. ഇയാളെ ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്താനും കോടതി നിർദേശിച്ചിട്ടുണ്ട്.
ഓൺലൈൻ ഗെയമിങ്ങിനിടെയാണ് മൈക്കൽ ഷാബ്ലിംഗർ 13 വയസ്സുകാരിയായ പെൺകുട്ടിയെ പരിചയപ്പെട്ടത്. 21 വയസ്സാണ് തനിക്ക് പ്രായമെന്ന പറഞ്ഞ പ്രതി പെൺകുട്ടിയെ കാണുന്നതിനായി ജർമനിയിൽ നിന്ന് യുകെയിലെത്തി. 2024 ജൂൺ 16ന് ഇയാൾ പെൺകുട്ടിയെ കണ്ടുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അന്നേ ദിവസം സുഹൃത്തിനൊപ്പം നായയെ നടക്കാൻ പാർക്കിൽ കൊണ്ടുപോകുന്നു എന്ന് കള്ളം പറഞ്ഞാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി വീട്ടിൽ നിന്ന് പോയത്. പ്രതീക്ഷിച്ച സമയത്ത് പെൺകുട്ടി വീട്ടിൽ എത്തതാതിനെ തുടർന്ന് അമ്മ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.
എന്താണ് പാർക്കിൽ സംഭവിച്ചതെന്ന് കുട്ടി അമ്മയോട് പറഞ്ഞില്ല. തനിക്ക് സുഖമില്ലെന്ന് പറഞ്ഞ് മുറിയിലേക്ക് പോയി. അമ്മയ്ക്ക് പെൺകുട്ടിയുടെ മുറിയിൽ നിന്ന് രഹസ്യമായി സൂക്ഷിച്ച ഫോൺ ലഭിച്ചു. ഇരുവരുടെയും ചുംബന ദൃശ്യങ്ങളും ചാറ്റുകളും ഫോണിലുണ്ടായിരുന്നു. വീണ്ടും കാണുന്നതിനെക്കുറിച്ചും ഫോൺ അമ്മ അറിയാതെ സൂക്ഷിക്കണമെന്ന നിർദേശവും പ്രതി നൽകിയിരുന്നതും കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്.
ഓൺലൈൻ ഗെയമിങ്ങിനിടെ 2023 മേയിലാണ് ഇരുവരും പരിചയപ്പെട്ടത്. താൻ പെൺകുട്ടിയെ കാണാൻ മാത്രമാണ് വന്നതെന്നാണ് പ്രതി പിന്നീട് പറഞ്ഞെങ്കിലും തെളിവുകൾ മൈക്കലിന് എതിരായിരുന്നു. പെൺകുട്ടിയുടെ പാസ്പോർട്ട് വിവരങ്ങളും പ്രതി തേടിയ വിവരം ഫോണിൽ നിന്ന് പൊലീസിന് ലഭിച്ചു. ഒരുമിച്ച് രാജ്യം വിടാമെന്ന് വാഗ്ദാനവും ഇയാൾ നൽകിയിരുന്നു. 2024 ജൂൺ 23ന് ഇയാളെ ഹീത്രൂ വിമാനത്താവളത്തിൽ നിന്നാണ് അതിർത്തി രക്ഷാ സേന അറസ്റ്റ് ചെയ്തത്.
പ്രതിയുടെ ഫോണിൽ നിന്ന് ഈ പെൺകുട്ടിയുടെയും മറ്റ് പ്രായപൂർത്തിയാകാത്ത കുട്ടികളുടെയും അശ്ലീല ചിത്രങ്ങളും പൊലീസിന് ലഭിച്ചു. ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയുടെ ലൈംഗിക ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്നതായും മറ്റൊരു കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും പ്രതി കോടതിയിൽ സമ്മതിച്ചു. കുട്ടികളുടെ 800 അശ്ലീല ചിത്രങ്ങളാണ് ഇയാളുടെ ഫോണിലുണ്ടായിരുന്നത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പ്രതി പെൺകുട്ടിയെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്നതിനോ ബന്ധപ്പെടാൻ ശ്രമിക്കുന്നതിനോ കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.