ഗ്രീൻലാൻഡിൽ സൈനികസാന്നിധ്യം കൂട്ടില്ലെന്ന് യുഎസ്
Mail This Article
കോപ്പൻഹേഗൻ ∙ ഡെന്മാർക്കിനു കീഴിൽ സ്വയംഭരണ ആർടിക് ദ്വീപായ ഗ്രീൻലാൻഡിൽ സൈനികസാന്നിധ്യം വർധിപ്പിക്കാൻ നീക്കമില്ലെന്ന് യുഎസ് എംബസി അറിയിച്ചു. ഗ്രീൻലാൻഡിൽ യുഎസ് നിയന്ത്രണം തന്ത്രപരമായി അനിവാര്യമാണെന്നും അതിനായി ആവശ്യമെങ്കിൽ സൈനിക, സാമ്പത്തിക ശക്തി ഉപയോഗിക്കുമെന്നും യുഎസ് പ്രസിഡന്റായി 20നു ചുമതലയേൽക്കുന്ന ഡോണൾഡ് ട്രംപ് പറഞ്ഞത് വിവാദമായിരുന്നു.
600 വർഷമായി ഡെന്മാർക്കിന്റെ ഭാഗമായുള്ള ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡിൽ യുഎസിന് സ്ഥിരം സൈനിക താവളമുണ്ട്. ഗ്രീൻലാൻഡ് ഡെന്മാർക്കിന്റെ ഭാഗമാണെന്നതിൽ തർക്കമില്ലെന്നും അവിടെ റഷ്യൻ, ചൈനീസ് സ്വാധീനം വർധിച്ചുവരുന്നതിയാണ് താൻ എതിർക്കുന്നതെന്നും ട്രംപ് നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.
ഇതേസമയം, ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്സൻ രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കന്മാരുടെ യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. ഗ്രീൻലാൻഡ് നേതാവ് മ്യൂട്ട് എഗഡെയുമായി കൂടിക്കാഴ്ച നടത്തിയ അവർ യൂറോപ്യൻ യൂണിയൻ നേതാക്കളുമായും ചർച്ച നടത്തി. ട്രംപിന്റെ പ്രസ്താവനയെ ജർമനിയും ഫ്രാൻസും വിമർശിച്ചു.