വീസയും ജോലിയും വാഗ്ദാനം ചെയ്തു 28 പേരിൽ നിന്നും 29 ലക്ഷം രൂപ തട്ടിയെടുത്തു; മലയാളികൾക്ക് 5 വർഷം കഠിനതടവ്
Mail This Article
കൊച്ചി ∙ വിദേശ ജോലിതട്ടിപ്പു കേസിൽ തൊടുപുഴ സ്വദേശി സെബാസ്റ്റ്യൻ പി.ജോൺ (37), ജോൺസി ജോസഫ് (46) കോട്ടയം സ്വദേശി ബിജു ( മാത്യു–39) എന്നിവർക്കു വിചാരണക്കോടതി അഞ്ചുവർഷം കഠിനതടവും 30.60 ലക്ഷം രൂപ പിഴയും വിധിച്ചു. സിബിഐ കുറ്റപത്രം സമർപ്പിച്ച കേസിൽ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണു ശിക്ഷ വിധിച്ചത്.
സെബാസ്റ്റ്യൻ പി. ജോണിന്റെ മുൻ ഭാര്യ സ്റ്റെഫി മേരി ജോർജ് (23) വിദേശത്താണ്. ഇവരാണു കേസിലെ രണ്ടാംപ്രതി. ഇവരെ കോടതിയിൽ ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്. സ്റ്റെഫിയുടെ മാതാവും മുൻ തഹസീൽദാരുമാണു മൂന്നാം പ്രതി ജോൺസി.
കോട്ടയത്ത് അമർസ്പീക്ക് അമേരിക്കൻ ആക്‌സന്റ് അക്കാദമി എന്ന പേരിൽ സ്ഥാപനം നടത്തിയാണു പ്രതികൾ സംഘടിതമായി തട്ടിപ്പു നടത്തിയത്. വീസയും ജോലിയും വാഗ്ദാനം ചെയ്തു 28 പേരിൽ നിന്നും 29 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു കേസ്. പിഴത്തുകയിൽ നിന്നു 1.40 ലക്ഷം രൂപവീതം തട്ടിപ്പിന് ഇരകളായവർക്കു നൽകാനും കോടതി ഉത്തരവിട്ടു. 2008-09 കാലഘട്ടത്തിലാണു കേസിനാസ്പദമായ സംഭവം. സ്‌പെയിനിലും ഇറ്റലിയിലും യുകെയിലുമാണു ജോലി വാഗ്ദാനം ചെയ്തത്.