ജര്‍മനിയില്‍ ഇന്‍ഫ്ലുവന്‍സ കേസുകളുടെ എണ്ണത്തിൽ വര്‍ധന
Mail This Article
ബര്‍ലിന്‍ ∙ ജര്‍മനിയില്‍ ഉയര്‍ന്നുവരുന്ന ഫ്ലൂ ബാധിതരുടെ എണ്ണത്തിൽ ആശങ്കയുമായി ആരോഗ്യ വിദഗ്ധര്‍. ജര്‍മനിയില്‍ ഇന്‍ഫ്ലുവന്‍സ കേസുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. തണുത്ത താപനിലയും ആളുകള്‍ വീടിനുള്ളില്‍ ധാരാളം സമയം ചെലവഴിക്കുന്നതിനാലുമാണ്, വടക്കന്‍ യൂറോപ്പില്‍ ഫ്ലൂ അതിവേഗം പടരുന്നത്. പബ്ലിക് ഹെല്‍ത്ത് വിദഗ്ധരുടെ അഭിപ്രായത്തില്‍, ജർമനിയിൽ പനി ബാധിച്ചവരുടെ എണ്ണത്തിൽ വർധന.
ജര്‍മനിയിലെ റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നതനുസരിച്ച് ജര്‍മനിയില്‍ ഡിസംബറിന്റെ ആരംഭം മുതല്‍, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇന്‍ഫ്ലുവന്‍സ കേസുകളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നു. ഓരോ അഞ്ചാമത്തെ രോഗിയുടെ സാംപിളിലും ഇന്‍ഫ്ലുവന്‍സ എ അല്ലെങ്കില്‍ ബി വൈറസുകള്‍ കണ്ടെത്തി. ഇതേ തുടർന്ന് ആശുപത്രി പ്രവേശിക്കുന്നവരുടെ എണ്ണവും മരണ നിരക്കും കൂടുന്നു.
ഡിസംബർ ആദ്യ വാരം 18 ശതമാനം ആളുകൾക്കായിരുന്നു ഫ്ലൂ ബാധിച്ചതെങ്കിൽ ഡിസംബർ അവസാന വാരം ഇത് 27 ശതമാനമായി ഉയര്‍ന്നു. റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസിന്റെ (ആര്‍എസ്വി) വര്‍ധനവും ഉണ്ടായിട്ടുണ്ട്. ഇന്‍ഫ്ലുവന്‍സ, ആര്‍എസ് എന്നീ വൈറസുകളും ഇതിനകം നിരവധി മരണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. രോഗബാധിതരില്‍ 80 ശതമാനവും 60 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലും ഫ്ലൂ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ ശൈത്യകാലത്ത് ഇന്‍ഫ്ലുവന്‍സ വാക്സിന്‍ എടുക്കാന്‍ ജര്‍മനിയിലെ വിദഗ്ധര്‍ അഭ്യര്‍ഥിച്ചു.