രോഗിയാകുന്നതിന് വിലക്ക്; 'അസാധാരണ ഉത്തരവ് ' ഇറക്കി ബെൽക്കാസ്ട്രോ മേയർ
Mail This Article
റോം ∙ രോഗം വരുന്നതിന് വിലക്കോ? കേൾക്കുമ്പോൾ ആശ്ചര്യം തോന്നുമെങ്കിലും രോഗിയാകുന്നത് നിരോധിച്ചുകൊണ്ട് അസാധാരണമായ ഉത്തരവ് ഇറക്കിയിരിക്കുകയാണ് തെക്കൻ ഇറ്റലിയിലെ ചെറു പട്ടണമായ ബെൽക്കാസ്ട്രോയിലെ മേയർ അന്റോണിയോ ടോർക്കിയ. തികച്ചും പരിഹാസ്യമാകുന്ന ഉത്തരവാണെങ്കിലും സ്വന്തം പട്ടണത്തിലെ ആരോഗ്യ പരിചരണ സംവിധാനങ്ങളുടെ ശോച്യാവസ്ഥയിലേക്ക് അധികൃതരുടെ കണ്ണെത്തിക്കുകയാണ് ലക്ഷ്യം.
തെക്കൻ ഇറ്റലിയിലെ ചെറു പട്ടണമാണ് ബെൽക്കാസ്ട്രോ. രോഗം വരുന്നത് നിരോധിച്ചിരിക്കുന്നുവെന്ന മേയറുടെ ഉത്തരവ് ഇതിനകം ശ്രദ്ധ നേടി കഴിഞ്ഞു. മെഡിക്കൽ, പ്രത്യേകിച്ചും എമർജൻസി സേവനം ആവശ്യമായി വരുന്ന രോഗങ്ങൾ പിടിപെടുന്നത് ഒഴിവാക്കണമെന്നും മേയറുടെ ഉത്തരവിൽ പറയുന്നു.
അൽപം വിരോധാഭാസമാണെങ്കിലും നഗരത്തിന്റെ ആരോഗ്യപരിചരണ സംവിധാനത്തിന്റെ പരിമിതികൾ ഉയർത്തിക്കാട്ടുകയാണ് ഉത്തരവിന്റെ ലക്ഷ്യമെന്നാണ് മേയറിന്റെ മറുപടി.
കലാബ്രിയയുടെ തെക്കൻ പ്രദേശമായ ബെൽകാസ്ട്രോയിൽ ഏതാണ്ട് 1,300 താമസക്കാർ ആണുള്ളത്. ഇവരിൽ പകുതിയോളവും വയോധികരാണ്. ആകെയുള്ള ഹെൽത്ത് സന്ററും മിക്കപ്പോഴും അടഞ്ഞുകിടക്കുകയാണ്. വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ഓൺ–കോൾ ഡോക്ടർമാരുടെ സേവനവും ലഭ്യമല്ലെന്നും മേയർ വിശദമാക്കി.
ബെൽക്കാസ്ട്രോയുടെ സമീപ പ്രദേശങ്ങളിലെ ഹെൽത്ത് സെന്ററുകളും പ്രവർത്തനരഹിതമാണ്. പട്ടണത്തിന് സമീപത്തെ എമർജൻസി കേന്ദ്രത്തിലേക്ക് പോകണമെങ്കിൽ തന്നെ 45 കിലോമീറ്റർ (28 മൈൽ) അകലെയുള്ള കറ്റൻസാറോ നഗരത്തിലെത്തണം. ഈ സാഹചര്യത്തിലാണ് മുൻകരുതൽ സ്വഭാവത്തിലുള്ള അടിയന്തരമായ ഉത്തരവ് അനിവാര്യമാണെന്ന ബോധ്യത്തോടെ രോഗിയാകുന്നത് നിരോധിച്ചിരിക്കുന്നുവെന്ന ഉത്തരവിറക്കിയതെന്നാണ് മേയർ പ്രാദേശിക മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണം. ഉത്തരവ് പ്രകോപനമല്ല, മറിച്ച് സഹായത്തിനായുള്ള അപേക്ഷയാണ്. അപ്രതീക്ഷിത സാഹചര്യത്തെ നേരിടുന്നതിനുള്ള സഹായം തേടിയുള്ള മാർഗമാണിതെന്നും ടോർക്കിയ ചൂണ്ടിക്കാട്ടി.
ദോഷകരമായ പെരുമാറ്റങ്ങൾ പാടില്ലെന്നും ആഭ്യന്തര അപകടങ്ങൾ ഒഴിവാക്കണമെന്നും ഉത്തരവിലുണ്ട്. നിരന്തരം വീടിനു പുറത്തു പോകുകയോ യാത്ര ചെയ്യുകയോ കായിക പരിശീലനം നടത്തുകയോ ചെയ്യരുതെന്നും പരമാവധി സമയം ഭൂരിഭാഗം ആളുകൾക്കും വേണ്ടി വീട്ടിനുള്ളിൽ തന്നെ കഴിയണമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം എങ്ങനെയാണ് ഈ ഉത്തരവ് നടപ്പാക്കുകയെന്നത് വ്യക്തമല്ല.
പട്ടണത്തിലെ ആരോഗ്യ പരിചരണ സംവിധാനത്തിന്റെ പരിമിതികളെക്കുറിച്ച് മേഖലാ അതോറിറ്റികളെയും ആരോഗ്യ വിഭാഗത്തെയും ബോധ്യപ്പെടുത്തുകയാണ് ഉത്തരവിലൂടെ ലക്ഷ്യമെന്നും മേയർ വിശദമാക്കി. പട്ടണത്തിലെ ഹെൽത്ത് സെന്റർ സ്ഥിരമായി പ്രവർത്തിക്കുന്നതു വരെ ഉത്തരവ് പ്രാബല്യത്തിലുണ്ടാകുമെന്നും മേയർ വ്യക്തമാക്കി. ബെൽകാസ്ട്രോയിലെ പോലെ ഇറ്റലിയിലെ ഒട്ടനവധി മറ്റ് ചെറു പട്ടണങ്ങളും ആരോഗ്യ പരിചണ സംവിധാനത്തിന്റെ പരിമിതികളിൽ വലിയ വെല്ലുവിളി നേരിടുന്നുണ്ട്.