60ലധികം ജർമൻ സർവകലാശാലകൾ എക്സ് പ്ലാറ്റ്ഫോം ഉപേക്ഷിച്ചു

Mail This Article
ബർലിൻ∙ ജർമനിയിൽ എക്സ് ഓൺലൈൻ പ്ലാറ്റ്ഫോമിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 60 ലധികം സർവകലാശാലകളും ഇൻസ്റ്റിറ്റ്യൂട്ടുകളും എക്സ് പ്ലാറ്റ്ഫോം ഉപേക്ഷിച്ചു. ഇലോണ്‍ മസ്‌കിന്‍റെ ഓൺലൈൻ പ്ലാറ്റ്ഫോം അതിന്‍റെ അടിസ്ഥാന മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഇവർ വ്യക്തമാക്കി.
ജർമനിയിലുടനീളമുള്ള 60 ലധികം സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും എക്സ് പ്ലാറ്റ്ഫോമിൽ അവരുടെ അക്കൗണ്ടുകൾ നിർജ്ജീവമാക്കി. എക്സ് പ്ലാറ്റ്ഫോമിന്‍റെ നിലവിലെ നയങ്ങൾ സ്ഥാപനങ്ങളുടെ അടിസ്ഥാന മൂല്യങ്ങളായ കോസ്മോപൊളിറ്റനിസം, സുതാര്യത, ജനാധിപത്യ വ്യവഹാരം എന്നിവയുമായി പൊരുത്തപ്പെടുന്നില്ലെന്ന് സംയുക്ത വാർത്താക്കുറിപ്പിൽ പറയുന്നു. ഡ്യൂസൽഡോർഫിലെ ഹെൻറിഷ് ഹെയ്ൻ യൂണിവേഴ്സിറ്റിയാണ് ഇത് പ്രസിദ്ധീകരിച്ചത്.
TU ഡ്രെസ്ഡൻ, ഫ്രീ യൂണിവേഴ്സിറ്റി ഓഫ് ബർലിൻ, ബർലിൻ ഹുംബോൾട്ട് യൂണിവേഴ്സിറ്റി, കൊളോണിലെ ജർമൻ സ്പോർട് യൂണിവേഴ്സിറ്റി, ആർഡബ്ല്യുടിഎച്ച് ആച്ചൻ കൂടാതെ ലെയ്ബ്നിസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബാൾട്ടിക് സീ റിസർച്ച് വാർനെമുണ്ടെ, ജർമൻ ഓർണിത്തോളജിക്കൽ സൊസൈറ്റി തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളും എക്സ് ഉപേക്ഷിച്ചവയിൽ ഉൾപ്പെടുന്നു.
വ്യാഴാഴ്ച മാത്രമാണ് ഫെഡറൽ കോടതി ഓഫ് ജസ്റ്റിസും വെർഡിയും മറ്റ് ജർമൻ യൂണിയനുകളും പ്ലാറ്റ്ഫോം എക്സിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്.