ജർമനിയിൽ ഉപരിപഠനത്തിന് വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർധന

Mail This Article
ബർലിൻ ∙ ജർമനിയിൽ ഉപരിപഠനത്തിന് വരുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർധന. ജർമൻ അക്കാദമിക് എക്സ്ചേഞ്ച് സർവീസ് (DAAD) 200ൽ പരം ജർമൻ യൂണിവേഴ്സിറ്റികളിൽ 2024 ഡിസംബറിൽ നടത്തിയ സ്നാപ്പ്ഷോട്ട് സർവേയിലാണ് ഈ കണ്ടെത്തൽ. 2024/25 അക്കാദമിക് വർഷം വിദ്യാർഥികളുടെ എണ്ണത്തിലുള്ള വർധന തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വർഷംതോറും ഏകദേശം 10% വർധനവാണ് പ്രതീക്ഷിക്കുന്നത്.
ജർമനിയിലെ പ്രധാനപ്പെട്ട സർവകലാശാലകൾ എല്ലാം ഈ സർവേയിൽ പങ്കെടുത്തു. മൊത്തം സർവകലാശാലകളുടെ എണ്ണം നോക്കുമ്പോൾ 70% സർവകലാശാലകളും ഈ സർവേയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ 90% സർവകലാശാലകളിലും രാജ്യാന്തര വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തി. എന്നാൽ, 10% സർവകലാശാലകൾ മാത്രമാണ് കുറവ് രേഖപ്പെടുത്തിയത്.
ഉപരിപഠനത്തിനായി ജർമനിയിലേക്ക് വരാനായി വിദേശ വിദ്യാർഥികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായി 83% പേരും പറഞ്ഞത് വീസ നയവും പ്രോസസിങ്ങും ആണ്. മാത്രമല്ല, അടുത്ത പ്രശ്നം എന്നത് താമസസൗകര്യം ലഭിക്കാനുള്ള ബുദ്ധിമുട്ടുകൾ ആണ് എന്ന് 75% പേരും അഭിപ്രായപ്പെട്ടു. 69% പേരും പഠനച്ചെലവും ജീവിതച്ചെലവും കൂടുതലാണ് എന്നാണ് പറഞ്ഞത്.
അടിയന്തരമായി വിദേശ വിദ്യാർഥികൾക്കായി താമസസൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് ജർമൻ അക്കാദമിക് എക്സ്ചേഞ്ച് സർവീസ് പ്രസിഡന്‍റ് ഡോ. ജോയ്ബ്രേതോ മുഖർജി ആവശ്യപ്പെട്ടു. മാത്രമല്ല, ജർമൻ സർവകലാശാലകൾ രാജ്യാന്തര വിദ്യാർഥികൾക്ക് വളരെ ആകർഷകമാണ് എന്നും വിദഗ്ധ തൊഴിലാളികളുടെ കുറവ് പ്രകടമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, ഇവിടെ പഠിച്ചിറങ്ങുന്ന യുവജനങ്ങൾക്ക് ജർമനിയിൽ തൊഴിൽ സാധ്യതകൾ തുറക്കുന്നതിന് ശാസ്ത്രം, ബിസിനസ്, സമൂഹം എന്നിവയിൽ നാം കൂടുതൽ കാര്യങ്ങൾ ചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
(വാർത്ത: അനിൽ മൈലാടുംപാറ)