വീസ നിയമം കർശനമാക്കി ഇറ്റലി: ബയോമെട്രിക് ഡേറ്റ നിർബന്ധം; നിയമം പ്രാബല്യത്തിൽ

Mail This Article
റോം ∙ ഇറ്റാലിയന്‍ ദേശീയ വീസകള്‍ക്കുള്ള അപേക്ഷകര്‍ ബയോമെട്രിക് ഡേറ്റയ്ക്കൊപ്പം വിരലടയാളംകൂടി നല്‍കണമെന്ന നിയമം പ്രാബല്യത്തിൽ. ജനുവരി 11 മുതലാണ് നിയമം പ്രാബല്യത്തിലായത്. തൊഴില്‍, പഠനം, തുടങ്ങിയ ദീര്‍ഘകാല വീസകള്‍ക്കുള്ള എല്ലാ ഉദ്യോഗാര്‍ഥികളെയും നിയമം ബാധിക്കും.
എന്നാല്‍ പുതിയ നടപടികള്‍ സുരക്ഷ മെച്ചപ്പെടുത്തും. അതേസമയം യാത്രാ ചെലവും പ്രോസസിങ് സമയവും വര്‍ധിപ്പിക്കുമെന്നും വ്യക്തമാക്കുന്നു. ജനുവരി 11 മുതല്‍ ഇറ്റലിയിലേക്കുള്ള ദീര്‍ഘകാല ഷെംഗൻ വീസകള്‍ക്കുള്ള ഉദ്യോഗാര്‍ഥികള്‍, തൊഴിലിനും പഠന ആവശ്യങ്ങള്‍ക്കുമായി നല്‍കുന്ന വീസ ഉള്‍പ്പെടെ ആവശ്യമുള്ളവർ, അവരുടെ മാതൃരാജ്യത്തെ എംബസി അല്ലെങ്കില്‍ കോണ്‍സുലേറ്റുകള്‍ സന്ദര്‍ശിക്കണം. ബയോമെട്രിക്സ് രീതിയില്‍ വിരലടയാളം നല്‍കണം.
ഇറ്റലിയിലേക്കുള്ള രാജ്യാന്തര വിദ്യാര്‍ഥികളും വിരലടയാള നിയമത്തിന് വിധേയരായിരിക്കും.
ഡിക്രി-നിയമം 145/2024 പ്രാബല്യത്തില്‍ വന്നതിന് ശേഷം സ്കെഞ്ചന്‍ വീസകള്‍ക്കും (ടൈപ്പ് സി), നാഷനല്‍ എന്‍ട്രി വീസയ്ക്കും (ടൈപ്പ് ഡി) അപേക്ഷകരുടെ വിരലടയാളം ശേഖരിക്കേണ്ടത് നിര്‍ബന്ധമാണ്. അതിനാല്‍, വീസ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകര്‍ നേരിട്ട് ഹാജരാകേണ്ടതുണ്ട്.
സമീപ വര്‍ഷങ്ങളില്‍ നടക്കുന്ന ക്രിമിനല്‍ നുഴഞ്ഞുകയറ്റത്തിന്റെ റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം സുരക്ഷ ഉയര്‍ത്താനുള്ള ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെ ശ്രമങ്ങളുടെ ഫലമായാണ് പുതിയ മാറ്റങ്ങള്‍.