യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടവുമായി ഹീത്രൂ എയർപോർട്ട്

Mail This Article
ലണ്ടൻ ∙ യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡിട്ട് ഹീത്രൂ എയർപോർട്ട്. 2024 ൽ 83.9 ദശലക്ഷം യാത്രക്കാരാണ് ഹീത്രൂവിലൂടെ യാത്ര ചെയ്തത്. മുൻ വർഷത്തേക്കാൾ 4.7 ദശലക്ഷം അധികമാണിത്. ഈ വർഷം 84.2 ദശലക്ഷം യാത്രക്കാരെയാണ് ഹീത്രൂ പ്രതീക്ഷിക്കുന്നത്.
യാത്രക്കാരുടെ ബാഹുല്യവും തിരക്കും കണക്കിലെടുത്ത് സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഒരു ബില്യൻ പൗണ്ടിന്‍റെ വികസന പദ്ധതികളാണ് വിമാനത്താവള അധികൃതർ ആലോചിക്കുന്നത്. മികച്ച പ്രവർത്തനവും സേവനവും നൽകുന്നതിന് സഹകരിച്ച സഹപ്രവർത്തകർക്കും ബിസിനസ് പങ്കാളികൾക്കും ഹീത്രൂ ചീഫ് എക്സിക്യൂട്ടീവ് തോമസ് വോൾബൈ നന്ദി പറഞ്ഞു.
ദിവസേന 650 വിമാന സർവീസുകളാണ് ഹീത്രൂവിൽ നിന്നുള്ളത്. അത്രതന്നെ അറൈവൽ സർവീസുകളുമുണ്ട്. ലോകത്തെ 82 വിമാനക്കമ്പനികൾ 218 സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും സർവീസുകൾ നടത്തുന്നുണ്ട്. രാവിലെ ആറ് മുതൽ രാത്രി 10.50 വരെ മാത്രമാണ് ഡിപ്പാർച്ചർ സർവീസുകൾ.