‘ഇനി കാണാൻ കഴിഞ്ഞേക്കില്ല’; നെഞ്ചിടറി ബിനിൽ പറഞ്ഞു, വിയോഗം കുഞ്ഞിനെ നേരിട്ട് കാണാനാകാതെ

Mail This Article
തൃശൂർ ∙ ‘യുദ്ധത്തിൽ നേരിട്ടു പങ്കെടുക്കാൻ പോകുകയാണ്. ഇനി ചിലപ്പോൾ നേരിട്ടു കാണാൻ കഴിഞ്ഞേക്കില്ലെന്നാ തോന്നുന്നത്..’ ഒരുപാടു നാളുകൾക്കൊടുവിൽ കഴിഞ്ഞ പുതുവർഷ ദിനത്തിൽ വീട്ടിലേക്കു ഫോൺ വിളിക്കാൻ അവസരം കിട്ടിയപ്പോൾ ബിനിൽ നെഞ്ചിടറി പറഞ്ഞു. അന്നാണു ബിനിലിന്റെ ശബ്ദം അവസാനമായി വീട്ടുകാർ കേട്ടത്. ഇനിയൊരു വിളിയുണ്ടാകില്ലെന്ന മട്ടിൽ അന്നു കൂടുതൽ സമയം സംസാരിക്കാൻ പട്ടാള മേധാവി അനുവദിച്ചിരുന്നു. മഞ്ഞുമൂടിയ മലനിരകളിലാണു താമസമെന്നും അപൂർവമായി മാത്രമേ തങ്ങൾക്കു ഭക്ഷണം കഴിക്കാൻ ലഭിക്കുന്നുള്ളൂവെന്നും ബിനിൽ പറഞ്ഞിരുന്നു.
യുദ്ധമുഖത്തുള്ള റഷ്യൻ പട്ടാളക്കാർക്കു ഭക്ഷണം, ഡീസൽ എന്നിവ എത്തിക്കുന്ന ജോലിയായിരുന്നു ഏറെക്കാലം ബിനിലും കൂട്ടരും ചെയ്യേണ്ടിവന്നത്. ശമ്പളമായി ഒന്നും നൽകിയിരുന്നില്ല. ഏതാനും മാസം മുൻപ് ഒരുതവണ യുദ്ധമുഖത്തു നേരിട്ടു പങ്കെടുക്കേണ്ടിവന്നു. അന്നു ജീവൻ രക്ഷപ്പെട്ടതു തലനാരിഴയ്ക്കാണെന്നു ബിനിൽ പിന്നീടു ബന്ധുക്കളെ വിളിച്ചപ്പോൾ പറഞ്ഞു.
ബിനിൽ അടക്കമുള്ളവർ തങ്ങളുടെ അനുവാദമില്ലാതെ വീടുകളിലേക്കു വിളിക്കുന്നതു തടയാൻ പട്ടാള നേതൃത്വം സിം കാർഡ് ഊരിമാറ്റിയിരുന്നു. ഉയർന്ന ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അപൂർവമായി മാത്രം ഇന്റർനെറ്റ് അനുവദിക്കുമ്പോഴാണു വാട്സാപ് വിഡിയോ കോൾ വഴി വീട്ടിലേക്ക് അൽപനേരം വിളിക്കാൻ കഴിഞ്ഞിരുന്നത്.
കുഞ്ഞിനെ നേരിട്ട് കാണാനാകാതെ
5 മാസം മുൻപു പിറന്ന കുഞ്ഞിനെ നേരിട്ടൊരു നോക്കു കാണാനാകാതെ ബിനിൽ ഓർമയാകുമ്പോൾ നെഞ്ചുനീറി വീട്ടുകാർ. തനിക്ക് ആൺകുഞ്ഞു പിറന്നപ്പോൾ വിഡിയോ കോളിലൂടെയാണു ബിനിൽ കണ്ടത്. കുഞ്ഞിനിടാൻ പേരു കണ്ടെത്തി വച്ചിട്ടു നാളുകളായെങ്കിലും ഇതുവരെ ചൊല്ലിവിളിച്ചിട്ടില്ല. ബിനിൽ തിരികെ എത്തിയതിനു ശേഷം മാമ്മോദീസ ചടങ്ങു നടത്തി പേരിടാമെന്നായിരുന്നു ഭാര്യ ജോയ്സിയടക്കം എല്ലാവരും തീരുമാനിച്ചിരുന്നത്.
ചതിക്കപ്പെട്ടെങ്കിലും ഭർത്താവു തിരികെ എത്തുമെന്നു ജോയ്സി അവസാന നിമിഷം വരെ വിശ്വസിച്ചിരുന്നു. പിതൃസഹോദരന്റെ മകനായ ജെയ്ൻ കുര്യനും ബിനിലും ഒന്നിച്ചാണു റഷ്യയിൽ ജോലിക്കായി കഴിഞ്ഞ ഏപ്രിൽ നാലിനു പുറപ്പെട്ടത്. ഗർഭിണിയായ ജോയ്സിയോട് ഒരു വർഷത്തിനകം തിരിച്ചെത്തുമെന്നു വാക്കുനൽകിയായിരുന്നു യാത്ര. കരാർ കാലാവധി ഒരു വർഷമായതിനാൽ തിരികെയെത്താൻ തടസ്സമുണ്ടാകില്ലെന്നായിരുന്നു പ്രതീക്ഷ.
എന്നാൽ റഷ്യയിലെത്തിപ്പെട്ട ശേഷമാണു ചതി മനസ്സിലായത്. ഓഗസ്റ്റിൽ കുഞ്ഞു ജനിച്ചെങ്കിലും രക്ഷപ്പെടാനുള്ള ബിനിലിന്റെ ശ്രമം വിജയിച്ചില്ല. വീസയുടെ കാലാവധി തീരാൻ 2 മാസം ശേഷിക്കെ ഇരുവരെയും യുദ്ധമുഖത്തേക്കു വിട്ടു. റഷ്യയിൽ ക്രിസ്മസ് ആഘോഷങ്ങൾ നടന്ന ഏഴിന് ആണ് തടസ്സമില്ലാതെ വിഡിയോകോൾ ചെയ്യാൻ ആദ്യമായി പട്ടാളം ബിനിലിനെ അനുവദിച്ചത്.
അന്നു വീട്ടിലെല്ലാവരും മതിവരും വരെ ബിനിലുമായി സംസാരിച്ചു. കുഞ്ഞിന്റെ മുഖം കണ്ടപ്പോഴെല്ലാം ബിനിൽ നിശബ്ദനായി നോക്കിയിരുന്നു. തിരികെ എത്താമെന്ന പ്രതീക്ഷ അപ്പോഴും ശേഷിച്ചിരുന്നു. ബിനിലും ജോയ്സിയും ചേർന്നു കണ്ടെത്തിയ ജെയ്ക്ക് എന്ന പേര് ചൊല്ലിവിളിക്കാൻ കഴിയും മുൻപേയാണു ബിനിലിന്റെ മരണം. ഷെൽ ആക്രമണത്തിൽ ജെയ്നിനു വയറിലാണു പരുക്കേറ്റത്. സംഭവത്തിനു ശേഷം ജെയ്നിന്റെ ഫോൺ സന്ദേശം വീട്ടിലെത്തിയെങ്കിലും ബിനിൽ വിളിച്ചിരുന്നില്ല.