വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെ നാമത്തിൽ കേംബ്രിജിൽ പുതിയ മിഷൻ

Mail This Article
ലണ്ടൻ ∙ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ റീജന് കീഴില്‍, കേംബ്രിജ് കേന്ദ്രമാക്കി വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെ നാമത്തിൽ പുതിയ മിഷൻ, സഭാ തലവൻ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമീസ് കാതോലിക്കാബാവാ അനുവദിച്ചു.
ജനുവരി 4ന് രാവിലെ 11.00ന് പ്രഭാത പ്രാര്‍ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഇടവകയുടെ നാമകരണവും ഔവർ ലേഡി ഓഫ് ലൂർദ് റോമൻ കാത്തലിക് ചർച്ചിൽ വച്ച് നടത്തപ്പെട്ടു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ റീജനൽ കോർഡിനേറ്റർ റവ.ഡോ.കുര്യാക്കോസ് തടത്തിൽ പ്രഥമ കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിച്ചു. മിഷൻ സ്ഥാപന ഉത്തരവ് (Decree of Establishment of Mission) വായിച്ചു.
തുടർന്ന് നടന്ന സമ്മേളനം കേംബ്രിജ് മേയർ ബൈജു തിട്ടാല ഉദ്ഘാടനം ചെയ്തു. ഫാ. കുര്യാക്കോസ് തിരുവാലിൽ സ്വാഗതം ആശംസിച്ചു. മലങ്കര കത്തോലിക്കാ സഭയുടെ യുകെ നാഷനൽ കൗൺസിൽ ജനറൽ സെക്രട്ടറി റോണി വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോൺ അലുവിള പങ്കെടുത്തു. പ്രദീപ് മാത്യു നന്ദി അറിയിച്ചു. കേംബ്രിജ് ഉൾപ്പെടെ 23 മിഷനുകളാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് യുകെയിൽ ഉള്ളത്.