ഡബ്ലിൻ സിറോ മലബാർ സഭയ്ക്ക് നവ നേതൃത്വം

Mail This Article
ഡബ്ലിൻ ∙ ഡബ്ലിൻ സിറോ മലബാർ സഭയുടെ പുതിയ അത്മായ നേതൃത്വം ചുമതലയേറ്റു. സിറോ മലബാർ സഭയുടെ അയർലൻഡ് നാഷനൽ കോഓർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടിന്‍റെ അധ്യക്ഷതയിൽ കൂടിയ ഡബ്ലിൻ റീജനൽ കമ്മിറ്റി യോഗത്തിലാണ് 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗത്തിൽ ചാപ്ലിന്മാരായ ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറ, ഫാ. ബൈജു ഡേവിസ് കണ്ണാംപള്ളി എന്നിവരും സംബന്ധിച്ചു.
ഡബ്ലിനിലെ ഒൻപത് കുർബാന സെന്‍ററുകളിലെയും നാസ്, അത്തായി, നാവൻ, ഡൺഡാൽക്ക്, ദ്രോഗഡ കുർബാന സെന്‍ററുകളിലെയും കൈക്കാരന്മാരും ഭക്തസംഘടനാ ഭാരവാഹികളും വൈദികരും ഉൾപ്പെട്ട റീജനൽ കോഓർഡിനേഷൻ കമ്മിറ്റിയാണ് അടുത്ത രണ്ടു വർഷക്കാലം ഡബ്ലിൻ സിറോ മലബാർ സഭയെ നയിക്കുന്നത്.
2025-26 വർഷത്തേക്കുള്ള ഭാരവാഹികളായി ജിമ്മി ആന്‍റണി (ലൂക്കൻ) ട്രസ്റ്റി സെക്രട്ടറിയായും, ബെന്നി ജോൺ (ബ്ലാഞ്ചാര്‍ഡ്‌സ്‌ടൗൺ) ട്രസ്റ്റി ഫിനാൻസ് ഇൻചാർജ് ആയും, ടോം തോമസ് (ബ്യൂമൗണ്ട്) ജോയിന്‍റ് സെക്രട്ടറിയായും, ജൂലി ചിരിയത്ത് (ബ്ലാഞ്ചാര്‍ഡ്‌സ്‌ടൗൺ) പി.ആർ.ഓ ആയും തിരഞ്ഞെടുക്കപ്പെട്ടു.


ബിനുജിത്ത് സെബാസ്റ്റ്യന്‍റെയും, ജോബി ജോണിന്‍റെയും, ബിനോയ് ജോണിന്‍റെയും, ലിജി ലിജോയുടെയും നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു വർഷക്കാലം ഡബ്ലിനിലെ സഭയ്ക്ക് ആത്മീയവും ഭൗതികവുമായി മികച്ച വളർച്ച നേടാൻ കഴിഞ്ഞു എന്ന് യോഗം വിലയിരുത്തി. ഈ കാലഘട്ടത്തിൽ ഒട്ടേറെ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞു, അതോടൊപ്പം ആത്മീയമായ ഒരു ഉണർവ്വ് ഉണ്ടാക്കാനും സാധിച്ചു. ഈ ഉയർച്ചയ്ക്ക് നേതൃത്വം നൽകിയ ബഹു. വൈദികർക്കും എല്ലാ കമ്മിറ്റി അംഗങ്ങൾക്കും യോഗം കൃതജ്ഞത രേഖപ്പെടുത്തി. യൂറോപ്പിലെ വിശ്വാസ സമൂഹത്തിനു നേതൃത്വം നൽകുന്ന അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് പിതാവിനും, കോഓർഡിനേറ്റർ ജനറൽ ഡോ. ക്ലമന്‍റ് പാടത്തിപ്പറമ്പിലിനും, അയർലൻഡിലെ നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടിലിനും നന്ദി രേഖപ്പെടുത്തിയ യോഗം നാളിതുവരെ നയിച്ച എല്ലാ ചാപ്ലിന്മാരുടെയും സേവനങ്ങളെ നന്ദിപൂർവ്വം അനുസ്മരിച്ചു.