ടിക്കറ്റോ ബോർഡിങ് പാസോ ഇല്ലാതെ വിമാനത്തിൽ നുഴഞ്ഞുകയറിയ യുവതി പിടിയിൽ

Mail This Article
ബെൽഗ്രേഡ്∙ സെർബിയയിലെ നിക്കോള ടെസ്‌ല വിമാനത്താവളത്തിൽ സുരക്ഷാ വേലി മറികടന്ന് നുഴഞ്ഞുകയറി വിമാനത്തിൽ യാത്ര ചെയ്യാൻ ശ്രമിച്ച യുവതി പിടിയിൽ. മാൾട്ടയിലേക്കുള്ള വിസ് എയർ വിമാനത്തിലാണ് യുവതി കയറാൻ ശ്രമിച്ചത്. ഇവരുടെ പേര് അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ജനുവരി 8ന് പകർത്തിയ സിസിടിവി ദൃശ്യങ്ങളിൽ, യുവതി സൈനിക ശൈലിയിൽ വയറ്റിൽ ഇഴഞ്ഞ് സുരക്ഷാ പരിശോധനാ കേന്ദ്രങ്ങൾ മറികടക്കുന്നത് കാണാം. ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് യുവതി ഈ സാഹസികത നടത്തിയത്.
ഡിസംബർ 20ന് സ്ഥാപിച്ച ഓട്ടോമേറ്റഡ് പാസ്‌പോർട്ട് ഗേറ്റ് ഉൾപ്പെടെ നിരവധി സുരക്ഷാ പരിശോധനാ കേന്ദ്രങ്ങൾ യുവതി മറികടന്നു. ടിക്കറ്റോ ബോർഡിങ് പാസോ ഇല്ലാതെ വിമാനത്തിൽ കയറാനും യുവതിക്ക് കഴിഞ്ഞു.
എന്നാൽ വിമാനത്തിൽ കയറിയ ശേഷം ഫ്ലൈറ്റ് അറ്റൻഡന്‍റുമാരോട് ബോർഡിങ് പാസ് കാണിക്കാൻ കഴിയാതെ വന്നതോടെ യുവതി പിടിയിലായി. ഫ്ലൈറ്റ് അറ്റൻഡന്‍റുമാർ ഇക്കാര്യം സുരക്ഷാ ഉദ്യോഗസ്ഥരെ ഉടൻ അറിയിക്കുകയും യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കുകയും ചെയ്തു. അതിക്രമിച്ച് കയറിയതിന് യുവതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.