ബോധരഹിതനായ നായക്കുട്ടിയെ ചികിത്സയ്ക്കായി വെറ്ററിനറി ക്ലിനിക്കിൽ എത്തിച്ച മാതൃസ്നേഹം, വൈറൽ വിഡിയോ

Mail This Article
ഇസ്താംബൂൾ∙ തുർക്കിയിലെ ഇസ്താംബൂളിൽ അസുഖബാധിതയായ തന്‍റെ കുഞ്ഞിനെ വായിൽ കടിച്ചുപിടിച്ച് വെറ്ററിനറി ക്ലിനിക്കിൽ എത്തിച്ച അമ്മ നായയുടെ വാർത്ത ഏവരുടെയും ഹൃദയം കവർന്നിരിക്കുകയാണ്. ജനുവരി 13ന് ബെയ്‌ലിക്ഡുസുവിലെ അദ്‌നാൻ കഹ്‌വെസി പരിസരത്തുള്ള ഒരു വെറ്ററിനറി ക്ലിനിക്കിന്‍റെ വാതിൽക്കൽ മഴയത്ത് കുഞ്ഞിനെ വായിൽ കടിച്ചുപിടിച്ചെത്തിയ നായയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.
വെറ്ററിനറി ടെക്‌നീഷ്യൻ ഇത് ശ്രദ്ധിക്കുകയും കുഞ്ഞിനെ ഉടൻ ചികിത്സയ്ക്കായി അകത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. ഹൃദയമിടിപ്പ് അപകടകരമാം വിധം കുറഞ്ഞ നിലയിലായിരുന്ന കുഞ്ഞിനെ ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അമ്മ നായ അടുത്ത് തന്നെ നിൽക്കുകയും ചികിത്സാ വേളയിൽ കുഞ്ഞിനെ ശ്രദ്ധിക്കുകയും ചെയ്തു.
ഈ അമ്മ നായ നേരത്തെ അടുത്തുള്ള ഒരു സ്ഥലത്ത് പ്രസവിച്ചിരുന്നുവെന്നും എന്നാൽ മിക്ക കുഞ്ഞുങ്ങളും മരിച്ചുപോയെന്നും വെറ്ററിനേറിയൻ ബതുറാൽപ് ഓഘാൻ വെളിപ്പെടുത്തി. മറ്റൊരു കുഞ്ഞ് ഉണ്ടെന്ന് അറിയാതെ, അതിജീവിച്ച ഒരു കുഞ്ഞിനെ മൃഗസ്നേഹികൾ നേരത്തെ ക്ലിനിക്കിൽ എത്തിച്ചിരുന്നു. പിന്നീട് അവസാനം അവശേഷിച്ച കുഞ്ഞിനെ അമ്മ നായ കണ്ടെത്തി സഹായത്തിനായി ക്ലിനിക്കിൽ എത്തിക്കുകയായിരുന്നു.
അമ്മ നായയുടെ പാൽ കുഞ്ഞുങ്ങൾക്ക് പോഷകാഹാരക്കുറവുള്ളതാണെന്ന് ഡോ. ഓഘാൻ വിശദീകരിച്ചു. അതിനാൽ ക്ലിനിക്ക് കുഞ്ഞുങ്ങൾക്ക് അധിക ഭക്ഷണം നൽകി പിന്തുണയ്ക്കുകയാണ്.
അമ്മ നായയെയും കുഞ്ഞുങ്ങളെയും ഇപ്പോൾ ക്ലിനിക്കിൽ പരിചരണത്തിലാണ്. ഇവരുടെ ആരോഗ്യം ക്രമാനുഗതമായി മെച്ചപ്പെടുകയാണ്.