ട്രംപ് ഭരണത്തിൽ യുകെ-യുഎസ് ബന്ധം ശക്തമാകുമെന്ന് സ്റ്റാമെർ

Mail This Article
ലണ്ടൻ ∙ നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ആശംസാ സന്ദേശമയച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി സർ കിയേർ സ്റ്റാമെർ. ട്രംപ് ഭരണത്തിൽ കീഴിൽ ബ്രിട്ടൻ- അമേരിക്ക ബന്ധം കൂടുതൽ ഈഷ്മളമായി വളരുമെന്ന് പ്രധാനമന്ത്രി പ്രത്യാശയും പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ കൂട്ടുകെട്ടിന്‍റെ അടിത്തറ ഉറപ്പിക്കാനുള്ള നടപടികൾ തുടരുമെന്നും പ്രധാനമന്ത്രി ആശംസാ സന്ദശത്തിൽ വ്യക്തമാക്കി. അമേരിക്കൻ തിരഞ്ഞെടുപ്പിന് മുൻപ് ട്രംപും കിയേർ സ്റ്റാമറും തമ്മിൽ ന്യൂയോർക്കിലെ ട്രംപ് ടവറിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
രണ്ടാം വട്ടവും അമേരിക്കൽ പ്രസിഡന്‍റായി സ്ഥാനമേൽക്കുന്ന ഡോണൾഡ് ട്രംപ് ആദ്യ ടേമിൽനിന്നും തികച്ചും വ്യത്യസ്തനാകുമെന്നാണ് പ്രതീക്ഷയെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ പ്രത്യാശ പ്രകടിപ്പിച്ചു. ട്രംപിന്‍റെ വിമർശകനായിരുന്ന സാദിഖ് ഖാനെതിരേ കഴിഞ്ഞ ഭരണകാലത്ത് ട്രംപും നിശിതമായ ഭാഷയിലാണ് വിമർശനങ്ങൾ ഉന്നയിച്ചിരുന്നത്. ലണ്ടൻ നഗരത്തിലെ തുടർച്ചയായ കത്തിക്കുത്തുകൾ ചൂണ്ടിക്കാട്ടിയായിരുന്നു മേയർക്കതെതിരേ അദ്ദേഹത്തിന്‍റെ പരിഹാസം.
‘’വംശവെറിയുടെ പോസ്റ്റർ ബോയി’’ എന്നാണ് കഴിഞ്ഞ ഭരണകാലത്ത് സാദിഖ് ഖാൻ ട്രംപിനെ വിശേഷിപ്പിച്ചിരുന്നത്. ട്രംപിന്‍റെ യുകെ സന്ദർശന വേളയിൽ അദ്ദേഹത്തെ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിന്നും ലണ്ടൻ നഗരത്തിൽ പ്രതിഷേധ പരിപാടികൾക്ക് അനുമതി നൽകിയുമെല്ലാം സാദിഖ് ഖാൻ ട്രംപ് വിമർശകരുടെ നേതൃസ്ഥാനീയനായി മാറിയിരുന്നു. എന്നാൽ ഇത്തവണ ട്രംപ് ഭരണത്തിൽ പ്രതീക്ഷയർപ്പിക്കുന്ന പ്രതികരണമാണ് സാദിഖ് ഖാൻ നടത്തിയത്.
ഇതിനിടെ ലേബർ നേതാക്കളുടെ പരസ്പര വിരുദ്ധമായ നയതന്ത്ര നിലപാടുകളെ വിമർശിച്ച് റിഫോം യുകെ- നേതാവ് നൈജൽ ഫെറാജ് രംഗത്തെത്തി. യൂറോപ്യൻ യൂണിയനുമായി സഹകരണം വർധിപ്പിക്കാൻ ശ്രമിക്കുന്ന പ്രധാനമന്ത്രി കിയേർ സ്റ്റാമെർക്ക് അതേസമയം തന്നെ അമേരിക്കയുമായും എങ്ങനെ ബന്ധം ശക്തിപ്പെടുത്താനാകുമെന്നാണ് ഫെറാജിന്‍റെ ചോദ്യം. ഈ ഒറ്റക്കാരണം കൊണ്ടു മാത്രം അമേരിക്കയുമായുള്ള ചർച്ചകളിൽ സ്റ്റാമറിന്‍റെ നിലപാടുകൾ ദുർബലമാകുമെന്നും ഫെറാജ് വിമർശിച്ചു. ബ്രിട്ടിഷ് രാഷ്ട്രീയത്തിൽ ട്രംപിന്‍റെ ഏറ്റവും വിശ്വസ്തനായ സുഹൃത്താണ് തീവ്ര വലതുപക്ഷ പാർട്ടിയായ റിഫോം യുകെയുടെ നേതാവ് നൈജൽ ഫെറാജ്.