ട്രംപിന്‍റെ കുടിയേറ്റ നാടുകടത്തൽ പദ്ധതികളെ വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ

Mail This Article
റോം ∙ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ കുടിയേറ്റ നാടുകടത്തൽ പദ്ധതികൾക്കെതിരേ രൂക്ഷമായ വിമർശനങ്ങളുമായി ഫ്രാൻസിസ് മാർപാപ്പ . മതിയായ രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കുമെന്ന ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനയെ, ഇറ്റാലിയൻ ടെലിവിഷനു നൽകിയ അഭിമുഖത്തിലാണ് ഫ്രാൻസിസ് മാർപാപ്പ ശക്തമായ ഭാഷയിൽ വിമർശിച്ചത്.
ഇക്കാര്യത്തേക്കുറിച്ച് ടെലിവിഷൻ ചാറ്റ് ഷോ അവതാരകന്റെ ചോദ്യത്തിനുള്ള ഉത്തരമായിട്ടായിരുന്നു മാർപാപ്പയുടെ പ്രതികരണം. "വാർത്തകൾ ശരിയാണെങ്കിൽ, അത് ഒരു വിപത്തായിരിക്കും. അത് നടക്കില്ല. കാര്യങ്ങൾ പരിഹരിക്കാനുള്ള വഴി ഇതല്ല." എന്നായിരുന്നു മാർപാപ്പായുടെ വാക്കുകൾ.
മെക്‌സിക്കോയുമായുള്ള യുഎസ് അതിർത്തിയിൽ വേലി കെട്ടാനുള്ള ട്രംപിന്‍റെ പദ്ധതിയെ വിമർശിച്ചുകൊണ്ട്, “മതിലുകൾക്ക് പകരം സമൂഹങ്ങളിൽ തമ്മിലുള്ള പാലങ്ങൾ നിർമ്മിക്കണം” എന്ന് 2017 ൽ ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടിരുന്നതും വാർത്തയായിരുന്നു.