ബോധവൽക്കരണം; സ്വന്തം ഡീപ് ഫേക്ക് രതിചിത്ര വിഡിയോ പുറത്തുവിടാൻ ഒരുങ്ങി താരം

Mail This Article
ലണ്ടൻ ∙ ബോധവൽക്കരണത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളിലൂടെ സ്വന്തം ഡീപ് ഫേക്ക് രതിചിത്ര വിഡിയോ പുറത്തുവിടാൻ ഒരുങ്ങി ബ്രിട്ടീഷ് റിയാലിറ്റി താരം. സാങ്കേതിക വിദ്യയുടെ വിനാശകരമായ ഫലങ്ങളെക്കുറിച്ച് ബ്രിട്ടനിലെ ഒരു ടെലിവിഷൻ ചാനൽ തയാറാക്കുന്ന ബോധവൽക്കരണ ഡോക്യുമെന്ററിയുടെ പ്രമോഷന്റെ ഭാഗമായി റിയാലിറ്റി ടെലിവിഷൻ താരമായ വിക്കി പാറ്റിസൺ ആണ് ഡീപ് ഫേക്ക് രതിചിത്ര വിഡിയോ പുറത്തുവിടുന്നത്.
ഈ മാസം 28നാണ് വിഡിയോ റിലീസ് ചെയ്യുന്നതെന്ന് താരത്തിന്റെ ഇൻസ്റ്റഗ്രാമിലാണ് പ്രഖ്യാപനം. 37 കാരിയായ വിക്കി പാറ്റിസൺ അയാം എ സെലിബ്രിറ്റി ഗെറ്റ് മി ഓട്ട് ഓഫ് ഹിയർ, ജിയോർഡി ഷോർ എന്നിവ ഉൾപ്പെടെ ഒട്ടനവധി ടെലിവിഷൻ ഷോകളിലുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് താരത്തിന്റെ മുഖത്തിനോട് സാദൃശ്യം തോന്നുന്ന മുഖമായിരിക്കും വിഡിയോയിൽ കാണിക്കുക.
താൻ ഇതുവരെ എടുത്തതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമെന്നാണ് താരം പ്രതികരിച്ചത്. സാങ്കേതിക വിദ്യയുടെ ഭയപ്പെടുത്തുന്നതും വർധിച്ചു വരുന്നതുമായദോഷഫലങ്ങളിൽ ചെറിയ തോതിൽ താനും ഇരയാണെന്നും ഇതിനെതിരെ ബോധവൽക്കരണം അനിവാര്യമാണെന്നതു കൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും താരം പറയുന്നു.
ഡീപ് ഫേക്ക് രതിചിത്ര വിഡിയോകളുടെ നാശം വിതയ്ക്കുന്ന യാഥാർഥ്യം തുറന്നു കാട്ടാൻ ആണ് ആഗ്രഹിക്കുന്നതെന്നും താരം പറയുന്നു. അനുമതിയില്ലാതെ ഉള്ളടക്കം സൃഷ്ടിക്കുകയും വേഗത്തിൽ കിട്ടുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് വിഡിയോ ഉണ്ടാക്കുകയും അതിലൂടെ സ്ത്രീയെ വിവസ്ത്രയാക്കപ്പെടുകയും ജീവിതം കഷണങ്ങളാക്കുകയുമാണ് ചെയ്യുന്നതെന്നും വിക്കി പാറ്റിസൺ ചൂണ്ടിക്കാട്ടി. അടിയന്തര നടപടി വേണമെന്ന തന്റെ അഭ്യർഥനയാണ് വിഡിയോ പുറത്തുവിടുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.
ഡീപ് ഫേക്ക് ഉപയോഗിച്ച് ചിത്രങ്ങൾ അടിസ്ഥാനമാക്കിയുള്ള ദുരുപയോഗത്തിൽ 2017 മുതൽ ഇതുവരെ 400 ശതമാനത്തിലധികമാണ് വർധനയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.