ലോക സാമ്പത്തിക ഫോറം; വാര്‍ഷിക ഉച്ചകോടി സ്വിറ്റ്സര്‍ലൻഡില്‍ ആരംഭിച്ചു

Mail This Article
ബര്‍ലിന്‍ ∙ ലോക സാമ്പത്തിക ഫോറത്തിന്റെ 55-ാമത് ഉച്ചകോടി സ്വിറ്റ്സര്‍ലൻഡിലെ ദാവോസില്‍ ആരംഭിച്ചു. ലോകത്തിന്റെ അവസ്ഥ മെച്ചപ്പെടുത്താന്‍ ഗവണ്‍മെന്റുകളെയും ബിസിനസുകളെയും സിവില്‍ സമൂഹത്തെയും ഒരുമിച്ച് ഒരു കുടക്കീഴിലാക്കാന്‍ ലക്ഷ്യമിട്ടുള്ള ഉച്ചകോടിയില്‍ രാഷ്ട്രീയം, വ്യവസായം, ശാസ്ത്രം എന്നീ മേഖലകളില്‍ നിന്നുള്ള മൂവായിരത്തോളം നേതാക്കളാണ് പങ്കെടുക്കാനെത്തിയത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ "അമേരിക്ക ഫസ്റ്റ്' എന്നതിനെക്കുറിച്ചാണ് പ്രധാന ചര്‍ച്ചകൾ ഉയരുന്നത്.
ട്രംപിന്റെ വ്യാപാര താരിഫ് ലോകത്തിന് ഒരു വെല്ലുവിളിയാണ്," വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം അലോയിസ് സ്വിംഗ്ഗി പറയുന്നു. കാരണം ഉയര്‍ന്ന താരിഫുകള്‍ ആഗോള സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കുമെന്ന് ശാസ്ത്രീയമായി വ്യക്തമാണ്. ലോക സാമ്പത്തിക ഫോറത്തിലെ "സ്മാര്‍ട്ട് യുഗത്തിനായുള്ള സഹകരണം" എന്ന ചർച്ചയിൽ ട്രംപ് പങ്കെടുക്കും. വ്യാഴാഴ്ച തത്സമയം ബന്ധപ്പെടാനും സ്റ്റേജില്‍ സിഇഒമാരുമായി സംവാദം നടത്താനും പ്രസിഡന്റ് ട്രംപ് സമ്മതിച്ചത് നല്ല സൂചനയായി ഫോറം കാണുന്നു.
ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍ വിവിധ കമ്പനികളില്‍ നിന്നുള്ള 100ലധികം സിഇഒമാര്‍ എന്നിവരുടെ വിപുലമായ സാന്നിധ്യമുണ്ട്. സംഘത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചു വ്യവസായമന്ത്രി പി രാജീവും, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലി എന്നിവരുമുണ്ട്. കൂടാതെ ആഗോളകമ്പനികളുടെ മലയാളി വനിതാ മേധാവികള്‍, സ്റ്റാര്‍ട്ട് അപ്പ് യുവ സംരംഭകര്‍, സാമൂഹ്യ സംഘടനാ മേധാവികള്‍ എന്നിവരുടെ സാന്നിധ്യം ഉണ്ട്.
കേന്ദ്ര മന്ത്രിമാരായ (അശ്വിനി വൈഷ്ണവ് ~ (റെയില്‍വേ, കമ്മ്യൂണിക്കേഷന്‍സ്, ഇലക്രേ്ടാണിക്സ്, ഐടി മന്ത്രി),സി ആര്‍ പാട്ടില്‍ (ടെക്സ്ടൈല്‍സ്. ജല്‍ജീവന്‍, എം എസ് എംഇ മന്ത്രി), ചിരാഗ് പാസ്വാന്‍~ (ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി),ജയന്ത് ചൗധരി (കൃഷി, കര്‍ഷകക്ഷേമ മന്ത്രി), ദേവേന്ദ്ര ഫഡ്നാവിസ് (മഹാരാഷ്ട്ര മുഖ്യമന്ത്രി), ചന്ദ്രബാബു നായിഡു (ആന്ധ്രപ്രദേശ് മുഖ്യമന്ത്രി), രേവന്‍ റെഡ്ഡി (തെലങ്കാന മുഖ്യമന്ത്രി), ഡി കെ ശിവകുമാര്‍ (കര്‍ണാടക ഉപ മുഖ്യമന്ത്രി) എന്നിവരുമുണ്ട്.
മുകേഷ് അംബാനി (റിലയന്‍സ് ഇന്‍ഡസ്ട്രീസ്), ഗൗതം അദാനി (അദാനി ഗ്രൂപ്പ്), സലില്‍ പരേഖ് (ഇന്‍ഫോസിസ്), റിഷാദ് പ്രേംജി (വിപ്രോ), വിജയ് ശേഖര്‍ ശര്‍മ്മ (പേടിഎം), ആദര്‍ പൂനവല്ല (സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ), കൂടാതെ ലീന നായര്‍ (ലോകോത്തര ആഡംബര ബ്രാന്‍ഡ് ചാനല്‍ കമ്പനി സിഇഒ), ഗീത ഗോപിനാഥ് (രാജ്യാന്തര നാണയ നിധിയുടെ ആദ്യ വനിതാ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍), രേഷ്മ രാമചന്ദ്രന്‍ (വേള്‍ഡ് വുമണ്‍ ഫെഡറേഷന്‍ സഹസ്ഥാപക) തുടങ്ങിയവരും ഇത്തവണ പങ്കെടുക്കുന്നുണ്ട്.