പ്രണയപക: ബിബിസി താരത്തിന്റെ ഭാര്യയെയും പെൺമക്കളെയും കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റം സമ്മതിച്ചു

Mail This Article
ലണ്ടൻ∙ ബിബിസി താരം ജോൺ ഹണ്ടിന്‍റെ ഭാര്യയെയും രണ്ട് പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കെയ്ൽ ക്ലിഫോർഡ് കുറ്റം സമ്മതിച്ചു. 26കാരനായ ക്ലിഫോർഡ്, ഹണ്ടിന്‍റെ ഭാര്യ കരോൾ (61), പെൺമക്കളായ ഹന്ന (28), ലൂയിസ് (25) എന്നിവരെ കൊലപ്പെടുത്തിയതിന് കുറ്റക്കാരനാണെന്ന് കോടതിയിൽ സമ്മതിച്ചു.
ഈ കൊലപാതകങ്ങൾക്ക് മുൻപ് മുൻ കാമുകി ലൂയിസിനെ പീഡിപ്പിച്ചതായുള്ള കുറ്റം ക്ലിഫോർഡ് നിഷേധിച്ചു. ഈ കുറ്റത്തിന്മേലുള്ള വിചാരണ ഈ വർഷം അവസാനം നടക്കും.
പ്രതി കാമുകിയായിരുന്ന ലൂയിസിനെ മേക്കപ്പ് ധരിക്കുന്നതിൽ നിന്നും പുരുഷന്മാരുടെ സൗഹൃദം സ്ഥാപിക്കുന്നതിൽ നിന്നും വിലക്കിയിരുന്നു. ക്ലിഫോർഡ് അസൂയ കാരണമാണ് ലൂയിസിനെ ക്രൂരമായി കൊലപ്പെടുത്തിയത് എന്നാണ് കേസ്. ലൂയിസുമായുള്ള ബന്ധം വേർപെടുത്തിയ ശേഷം തന്‍റെ വസ്തുക്കൾ ശേഖരിക്കാൻ ബുഷിയിലെ അവരുടെ വീട്ടിലെത്തിയ ക്ലിഫോർഡ് ലൂയിസിന്‍റെ അമ്മ കരോളിനെയും സഹദോരി ഹന്നയും ലൂയിസിനെയും കൊലപ്പെടുത്തുകയായിരുന്നു.
ആക്രമണത്തിൽ മരിക്കാൻ പോകുകയാണെന്ന് ഭയന്ന് ഹന്ന പൊലീസിനെ വിളിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂലൈ 9നാണ് സംഭവം നടന്നത്. ആറ് മാസം നീണ്ട ബന്ധത്തിൽ ക്ലിഫോർഡിന്‍റെ നിയന്ത്രണ സ്വഭാവം ലൂയിസിന് മടുത്തിരുന്നു. ലൂയിസ് ബന്ധം അവസാനിപ്പിച്ചതാണ് ക്ലിഫോർഡിനെ കൃത്യം നടത്താൻ പ്രേരിപ്പിച്ചത്.
ജീവനെടുത്തത് പ്രണയപക?
2024 ജൂലൈ 9 ന് വൈകുന്നേരം 6.30 ന് ഹെർട്ട്ഫോർഡ്ഷെയറിലെ ബുഷിയിലുള്ള ആഷ്ലിൻ ക്ലോസിലെ വീട്ടിൽ നിന്ന് നിലവിളി കേട്ടതിനെ തുടർന്ന് അയൽക്കാർ പൊലീസിനെ വിളിച്ചു. ഹന്ന ഹണ്ട് 999 എന്ന നമ്പറിൽ വിളിച്ച് താൻ മരിക്കാൻ പോകുകയാണെന്ന് പറഞ്ഞിരുന്നു. വിവരം അറിഞ്ഞ് എത്തിയ പൊലീസ് കരോൾ ഹണ്ടിനെയും പെൺമക്കളായ ലൂയിസിനെയും ഹന്നയെയും മരിച്ച നിലയിൽ കണ്ടെത്തി. ക്ലിഫോർഡ് തന്‍റെ മുൻ കാമുകി ലൂയിസിന്‍റെ കൈകളും കാലുകളും ഡക്റ്റ് ടേപ്പ് ഉപയോഗിച്ച് കെട്ടിയിട്ട് ശേഷമാണ് കൊലപ്പെടുത്തിയത്.
2024 ജൂലൈ 10 ന് രാവിലെ 9 മണിക്ക് ഹെർട്ട്ഫോർഡ്ഷെയർ പൊലീസ് ക്ലിഫോർഡിന്‍റെ പേരും ചിത്രവും പുറത്തുവിട്ടു. അന്നേ ദിവസം വൈകുന്നേരം 5 മണിയോടെ എൻഫീൽഡിലെ ലാവെൻഡർ ഹിൽ സെമിത്തേരിയിൽ സ്വയം പരുക്കേൽപ്പിച്ച നിലയിൽ പ്രതിയെ കണ്ടെത്തി.
1998 ൽ എൻഫീൽഡിൽ ജനിച്ച ക്ലിഫോർഡ്, വടക്കുകിഴക്കൻ ലണ്ടനിലെ എൻഫീൽഡിലെ വീട്ടിൽ മാതാപിതാക്കൾക്കും മൂന്ന് സഹോദരങ്ങൾക്കുമൊപ്പമാണ് വളർന്നത്. 2019ൽ ക്ലിഫോർഡ് സൈന്യത്തിൽ ചേർന്നു. പക്ഷേ 2022 ൽ സൈന്യത്തിൽ നിന്നും ജോലി ഉപേക്ഷിച്ചു.
ആക്രമണത്തിന് ശേഷം, സൈനിക വേഷത്തിൽ തോക്കുമായി ക്ലിഫോർഡിന്‍റെ ചിത്രം പുറത്തുവന്നിരുന്നു. സൈന്യത്തിൽ നിന്നും ജോലി ഉപേക്ഷിച്ച ശേഷം, ക്ലിഫോർഡ് സ്വകാര്യ സുരക്ഷാ ഗാർഡായി ജോലി ചെയ്തു. 2023 ഫെബ്രുവരി 22 മുതൽ 2023 ജൂലൈ 20 വരെ അദ്ദേഹം ജോലി ചെയ്തിരുന്നതായി സെന്‍റ് ആൽബൻസിലെ അംതൽ എന്ന സ്ഥാപനം സ്ഥിരീകരിച്ചു.
കൊലപാതകത്തിന് ഒരു ആഴ്ച മുൻപ് ലൂയിസ് ക്ലിഫോർഡുമായുള്ള ബന്ധത്തിൽ നിന്നി പിന്മാറിയിരുന്നതായിട്ടാണ് റിപ്പോർട്ടുകൾ.