ബ്രിട്ടനെ ഉലയ്ക്കാൻ 'എയോവിൻ കൊടുങ്കാറ്റ് '; വെള്ളി, ശനി ദിവസങ്ങളിൽ ശക്തമായ മഴയും കാറ്റുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

Mail This Article
ലണ്ടൻ ∙ ബ്രിട്ടനെ ഉലയ്ക്കാൻ ഈ വാരാന്ത്യത്തിൽ മറ്റൊരു കൊടുങ്കാറ്റുകൂടി എത്തുന്നു. എയോവിൻ എന്നു പേരുള്ള കൊടുങ്കാറ്റ് വെള്ളി, ശനി ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീശിയടിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കാറ്റിനൊപ്പം കനത്ത മഴയും പ്രവചിക്കുന്നുണ്ട്. മണിക്കൂറിൽ 90 മൈൽ വരെ വേഗത്തിൽ കാറ്റു വീശുമെന്നാണ് മുന്നറിയിപ്പുള്ളത്.
നോർത്തേൺ അയർലൻഡ്, നോർത്തേൺ ഇംഗ്ലണ്ട്, നോർത്ത് ഈസ്റ്റ് വെയിൽസ്, സൗത്ത് വെസ്റ്റ് സ്കോട്ട്ലൻഡ്, എന്നിവിടങ്ങളിലാണ് കാറ്റ് കൂടുതൽ നാശം വിതയ്ക്കാൻ സാധ്യത. കാറ്റിനൊപ്പം കനത്ത മൂടൽ മഞ്ഞും പല സ്ഥലങ്ങളിലും ഉണ്ടായേക്കുമെന്നാണ് പ്രവചനം.
ഒക്ടോബർ മുതലുള്ള നാലുമാസ കാലയളവിൽ ഇതുവരെ നാല് വലിയ കൊടുങ്കാറ്റുകളാണ് ബ്രിട്ടനിൽ കനത്ത നാശം വിതച്ച് കടന്നുപോയത്. ആഷ്ലി (ഒക്ടോബർ -18), ബെർട്ട് ( നവംബർ 21), കൊണാൾ (നവംബർ 26), ഡാറ (ഡിസംബർ -5) എന്നിവയാണ് സമീപകാലത്ത് ബ്രിട്ടനെ ഉലച്ച കൊടുങ്കാറ്റുകൾ. ഈ ഗണത്തിലേക്കാണ് എയോവിന്റെ വരവ്.