വീസ കാലാവധി തീർന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപകടം; കാലുതെന്നി വീണു വിദേശ വിനോദ സഞ്ചാരിക്കു പരുക്ക്

Mail This Article
ആലുവ ∙ ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ കാലുതെന്നി വീണു യുക്രെയ്ൻ സ്വദേശിയായ വിനോദസഞ്ചാരി വോളോഡിമിർ ബെസ്റോഡിന്റെ (78) ഇടുപ്പെല്ലു പൊട്ടി. രാവിലെ 9.45നു തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിൽ നിന്ന് ആലുവ റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമിൽ ഇറങ്ങുമ്പോഴായിരുന്നു സംഭവം. ഭാര്യ യൂലിയ സ്വെഷെന്റ്സ് കൂടെയുണ്ട്.
വോളോഡിമിറിന് എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചെങ്കിലും വാഹനയാത്ര പ്രയാസമായതിനാൽ അവിടേക്കു കൊണ്ടുപോയില്ല. ഇപ്പോൾ ആലുവ ജില്ലാ ആശുപത്രിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
ഇവരുടെ ഇന്ത്യൻ വീസയുടെ കാലാവധി തീരുന്ന ദിവസമായ ഇന്നലെ കൊച്ചി വിമാനത്താവളം വഴി നാട്ടിലേക്കു മടങ്ങാനിരുന്നതാണ്. വർക്കല ശിവഗിരിയിൽ നിന്നാണ് ഇവർ ആലുവയിലേക്കു വന്നത്. വീസ കാലാവധി കഴിഞ്ഞ് ഇവിടെ തുടർന്നാൽ അറസ്റ്റ് രേഖപ്പെടുത്തണമെന്നാണു നിയമം. എന്നാൽ, അപകടം സംഭവിച്ചതിനാൽ പൊലീസ് അതിനു മുതിർന്നിട്ടില്ല. പക്ഷേ, നാട്ടിലേക്കു മടങ്ങണമെങ്കിൽ എംബസി ഇടപെടേണ്ടി വരും.