ബവേറിയയിലെ ആക്രമി മാനസിക രോഗിയാണെന്ന് അധികൃതർ

Mail This Article
ബര്‍ലിന്‍ ∙ ബവേറിയയിലെ അഷാഫെൻബുർഗിലെ ഷോന്‍റൽ പാർക്കിലെ ആക്രമണം നടത്തിയ പ്രതി അഭയാർഥിയാണെന്നും ഇയാൾ ജർമനിയിൽ നിന്ന് നേരത്തെ പോകേണ്ടതായിരുന്നുവെന്നും അധികൃതർ അറിയിച്ചു. ബവേറിയയുടെ ആഭ്യന്തര മന്ത്രി ജോവാഹിം ഹെർമനാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിൽ 2 വയസ്സുള്ള ആൺകുട്ടിയെയും 41കാരനായ യുവാവുമാണ് കൊല്ലപ്പെട്ടത്.
പ്രതി മാനസിക രോഗിയെന്ന് അധികൃതർ വ്യക്തമാക്കി. കിന്‍റർഗാർട്ടനിലെ കുട്ടികളെ കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വഴിയാത്രക്കാരൻ അത് തടഞ്ഞു. അതേ തുടർന്നാണ് 41 വയസ്സുകാരനായ യുവാവ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പലർക്കും പരുക്കേറ്റു.
പ്രതി 2022 നവംബറിൽ ജർമനിയിൽ പ്രവേശിച്ചു. പക്ഷേ അഭയം കിട്ടിയില്ല, ഡിസംബർ 4 ന് ഇയാൾ തന്നെ സ്വമേധയാ രാജ്യം വിടുന്നതായി പ്രഖ്യാപിച്ചു. അഭയാർഥി കാര്യാലയം ബാംഫ് ഒടുവിൽ ഡിസംബർ 11ന് അഭയ നടപടികൾ അവസാനിപ്പിച്ചു. ഇയാളോട് രാജ്യം വിടാൻ അധികൃതർ ആവശ്യപ്പെട്ടു.
ഇയാൾ കുറഞ്ഞത് മൂന്ന് തവണയെങ്കിലും അക്രമ പ്രവർത്തനങ്ങളുടെ പേരിൽ പിടിക്കപ്പെട്ടിട്ടുണ്ട്. ഓരോ കേസിലും ഇയാളെ മാനസിക ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.