റുമാനിയയില്‍ യുവതിയുടെ മൃതദേഹം വളർത്തുനായ്ക്കൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തി

Mail This Article
ബുക്കാറസ്റ്റ്∙ റുമാനിയയിലെ ബുക്കാറസ്റ്റിനടുത്ത് ഒരു അപ്പാർട്ട്മെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശരീരം വളർത്തുനായ്ക്കൾ ഭക്ഷിച്ചതായി കണ്ടെത്തി. 5 ദിവസമായി കാണാതിരുന്നതിനെ തുടർന്നാണ് 34 കാരിയായ അഡ്രിയാന നിയാഗോയുടെ (ആൻഡ സാഷ) വീട്ടിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ടാർഗു ജിയുവിലെ ഫ്ലാറ്റിൽ ബന്ധുവിനൊപ്പം എത്തിയ പൊലീസ് ആൻഡയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ട് പഗ് നായ്ക്കൾ മൃതദേഹത്തിന് സമീപത്തുണ്ടായിരുന്നു. ഭക്ഷണം കിട്ടാതെ നായ്ക്കൾ മൃതദേഹം തിന്നാൻ തുടങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു.
അക്രമത്തിന്‍റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് ആംബുലൻസ് ജീവനക്കാർ പറഞ്ഞു. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
ദിവസങ്ങളായി ആൻഡയെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ആൻഡയുടെ ഫോണിൽ വിളിച്ചിട്ട് ആരും എടുക്കാത്തതിനെ തുടർന്ന് ബന്ധു അറിയിച്ചതിനെ തുടർന്നാണ് പൊലീസ് ഫ്ലാറ്റിലെത്തിയത്. അഗ്നിശമന സേനയുടെ സഹായത്തോടെ പൂട്ടിയ വാതിൽ തുറന്നാണ് പൊലീസ് അകത്തുകടന്നത്.
രണ്ട് നായ്ക്കളെയും പൊലീസ് ഗോർജ് കൗണ്ടി കൗൺസിൽ ജീവനക്കാർക്ക് കൈമാറി. സമൂഹ മാധ്യമത്തിലൂടെ ആൻഡയുടെ മരണത്തിൽ അനുശോചനം പ്രകടിപ്പിച്ച് ഒട്ടറെ പേർ എത്തിയിട്ടുണ്ട്.
2013ൽ യുകെയിലെ ഹാംഷെയറിൽ ഒരു വീട്ടമ്മയെ അവരുടെ വളർത്തുപൂച്ചകൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.