വത്തിക്കാനിലെ മതസൗഹാർദ്ദ ഡിക്കസ്റ്ററിയുടെ പ്രീഫെക്റ്റായി കർദിനാൾ മാർ ജോർജ് കൂവക്കാട് നിയമിതനായി

Mail This Article
റോം∙ വത്തിക്കാനിലെ മതസൗഹാർദ്ദ ഡിക്കസ്റ്ററിയുടെ പ്രീഫെക്റ്റായി കർദിനാൾ മാർ ജോർജ് കൂവക്കാട് നിയമിതനായി. അതേസമയം, മാർപാപ്പയുടെ വിദേശയാത്രകൾ സംഘടിപ്പിക്കുന്നതു സംബന്ധിച്ച ചുമതലകളും തുടരും.
തന്റെ അപര്യാപ്തതകൾക്കിടയിലും, മതങ്ങൾക്കിടയിലുള്ള സൗഹൃദം സ്വപ്നം കാണുന്ന ജനതകൾക്കിടയിൽ സമാധാനത്തോടെയുള്ള സഹവർത്തിത്വം ആഗ്രഹിക്കുന്ന ആളുകളുടെ പ്രാർഥനകളും, ഡിക്കസ്റ്ററിയിലെ സഹപ്രവർത്തകരുടെ സഹകരണവും തന്നെ ശക്തിപ്പെടുത്തുന്നുവെന്ന് കർദിനാൾ പങ്കുവച്ചു. മതാന്തര സംവാദങ്ങൾ ഇന്ത്യൻ ആത്മീയതയുടെ ഭാഗമാണെന്നും മതിലുകളല്ല, പാലങ്ങളാണ് ക്രിസ്ത്യാനികൾ പണിയേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതാന്തര സംഭാഷണം കേവലം മതങ്ങൾ തമ്മിലുള്ള സംഭാഷണമല്ല, മറിച്ച് ദൈവവിശ്വാസത്തിന്റെ സൗന്ദര്യത്തിനു സാക്ഷ്യം വഹിക്കുന്നതാണെന്നും കർദിനാൾ ചൂണ്ടിക്കാട്ടി. ഇസ്ലാം മത വിശ്വാസികളുമായുള്ള സംഭാഷണത്തിനും ഏറെ ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പരിശുദ്ധ പിതാവുമായി നടത്തിയ വിദേശ യാത്രകൾ, പ്രത്യേകിച്ചും മറ്റു മതങ്ങൾ ഭൂരിപഷം വരുന്ന രാജ്യങ്ങളിൽ, താൻ അനുഭവിച്ച മതസൗഹാർദ്ദ കൂട്ടായ്മകളും, സംഭാഷണങ്ങളും പുതിയ ദൗത്യനിർവഹണത്തിനു സഹായകരമാകുമെന്നും കർദിനാൾ കൂട്ടിച്ചേർത്തു. ഇറാഖിലേക്കുള്ള ചരിത്രപരമായ സന്ദർശന വേളയിൽ നജാഫിലെ ഗ്രാൻഡ് ആയത്തുല്ല സയ്യിദ് അലി അൽ-സിസ്താനിയുമായി പരിശുദ്ധ പിതാവ് നടത്തിയ സംഭാഷണത്തിന്റെ പ്രാധാന്യം തന്റെ ജീവിതത്തിൽ ഏറെ പ്രചോദനമായെന്നതും കർദിനാൾ കൂവക്കാട് അടിവരയിട്ടു പറഞ്ഞു.
2024 ഒക്ടോബർ 6 നാണ് മോൺ ജോർജ് ജേക്കബ് കൂവക്കാടിനെ മാർപാപ്പ കർദിനാൾ ആയി തിരഞ്ഞെടുത്തത്. നവംബർ 24നാണ് മെത്രാപ്പൊലീത്തയായി അദ്ദേഹം അഭിഷിക്തനായത്. വൈദികനായിരിക്കെ കർദിനാൾ പദവിയിലേക്ക് നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് കർദിനാൾ മാർ കൂവക്കാട്.