അയർലൻഡിൽ മീഹോൾ മാർട്ടിൻ പ്രധാനമന്ത്രി, സൈമൺ ഹാരിസ് ഉപ പ്രധാനമന്ത്രി

Mail This Article
ഡബ്ലിൻ∙ അയർലൻഡിൽ ഫിനാഫാൾ പാർട്ടി നേതാവ് മീഹോൾ മാർട്ടിൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ഫിനഗേൽ പാർട്ടി നേതാവ് സൈമൺ ഹാരിസ് ഉപ പ്രധാനമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു. 2024 നവംബർ 29 ന് നടന്ന പൊതു തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും സഖ്യത്തിൽ ഏർപ്പെട്ട ഫിനാഫാൾ, ഫിനഗേൽ പാർട്ടികൾ 9 സ്വതന്ത്ര അംഗങ്ങളുടെ പിന്തുണ കൂടി നേടിയാണ് അധികാര തുടർച്ച നേടുന്നത്.
ഇതേ സഖ്യത്തിൽ മീഹോൾ മാർട്ടിൻ, സൈമൺ ഹാരിസ് എന്നിവർ മുൻപ് പ്രധാനമന്ത്രിമാരായിരുന്നു. ഇരുവരും നയിച്ചിരുന്ന ഫിനാഫാൾ, ഫിനഗേൽ പാര്‍ട്ടികള്‍ക്ക് നവംബറില്‍ നടന്ന പൊതുതിരെഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവോടെ മൊത്തം 86 സീറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഏറെ നാളത്തെ വിവിധ ചര്‍ച്ചകള്‍ക്ക് ശേഷം പാർലമെന്‍റിലെ സ്വതന്ത്ര അംഗങ്ങൾ പിന്തുണ നൽകിയതോടെ ഇരു പാർട്ടികളും തിരഞ്ഞെടുപ്പിന് ശേഷം രൂപീകരിച്ച സഖ്യത്തിന് ഭൂരിപക്ഷം ലഭിക്കുകയായിരുന്നു.
ഇപ്പോൾ 9 സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെ 95 സീറ്റുകൾ പുതിയതായി അധികാരത്തില്‍ എത്തിയ സഖ്യ സര്‍ക്കാരിന് ലഭിച്ചു. സര്‍ക്കാര്‍ രൂപീകരണ കരാർ പ്രകാരം പ്രധാനമന്ത്രി പദം പങ്കുവയ്ക്കപ്പെടുന്നുണ്ട്. മീഹോൾ മാർട്ടിന് ശേഷം രണ്ടര വർഷം കഴിഞ്ഞ് സൈമൺ ഹാരിസ് പ്രധാനമന്ത്രി പദവിയില്‍ തിരിച്ചെത്തും. ജനുവരി 22 ന് ചേർന്ന ആദ്യ പാർലമെന്റിൽ സർക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര അംഗങ്ങളുടെ സഭയിലെ ഇരിപ്പിടത്തെ ചൊല്ലി പ്രതിപക്ഷ നിരയിൽ തർക്കം ഉയർന്നിരുന്നു.
ഇതേ തുടർന്ന് ആദ്യ ദിവസം പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുവാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ഉൾപ്പടെ 18 അംഗ മന്ത്രിസഭയെ തിരഞ്ഞെടുത്തത്. രാജ്യത്തെ 43 മണ്ഡലങ്ങളിൽ നിന്ന് 174 പാർലമെന്റ് അംഗങ്ങളിൽ ഫിനാഫാൾ 48, ഫിനഗേൽ 38, സ്വതന്ത്രർ 9 എന്നിങ്ങനെയാണ് സഖ്യസർക്കാരിന്റെ കക്ഷിനില.
ഐറിഷ് മന്ത്രിസഭയിലെ മന്ത്രിമാരുടെ പേരുകളും ചുമതലകളും
∙ സൈമൺ ഹാരിസ് (ഉപ പ്രധാനമന്ത്രി, വിദേശകാര്യം, വ്യാപാരം, പ്രതിരോധം)
∙പാസ്ചൽ ദൊനൊഹൊഎ (ധനകാര്യം)
∙ ജിം ഒ'കല്ലഗൻ (ആഭ്യന്തരം, നീതിന്യായം, കുടിയേറ്റം)
∙ ജെന്നിഫർ കരോൾ മക്നീൽ (ആരോഗ്യം)
∙ ജയിംസ് ലോലെസ് (തുടർ ഉന്നത വിദ്യാഭ്യാസം, ഗവേഷണം, ഇന്നൊവേഷൻ, സയൻസ്)
∙ പീറ്റർ ബർക്ക് (എന്റർപ്രൈസ്)
∙ ജാക്ക് ചേമ്പേഴ്സ് (പൊതു ചെലവ്, രാഷ്ട്ര പു:നർനിർമാണം)
∙ ഡാരാഗ് ഒബ്രിയൻ (ഗതാഗതം, പരിസ്ഥിതി, ഊർജം)
∙ നോർമ ഫോളി (ശിശു-വികലാംഗ ക്ഷേമം, തുല്യത)
∙ പാട്രിക് ഒ'ഡോനോവൻ (കല, സാംസ്‌കാരികം, വാർത്താവിനിമയം, മാധ്യമം, കായികം)
∙ ജയിംസ് ബ്രൗൺ (ഭവനം, തദ്ദേശസ്വയംഭരണം, പൈതൃകം)
∙ ഹെലൻ മക്കെന്റി (വിദ്യാഭ്യാസം, യുവജന ക്ഷേമം)
∙ ജയിംസ് ലോലെസ് (ഉന്നത വിദ്യാഭ്യാസം)
∙ മാർട്ടിൻ ഹെയ്ഡൻ (കൃഷി)
∙ ദാരാ കാലേരി (സാമൂഹിക സംരക്ഷണം, ഗ്രാമീണ-കമ്മ്യൂണിറ്റി വികസനം)
∙ മേരി ബട്ട്ലർ (മാനസികാരോഗ്യത്തിന്റെ അധിക ചുമതലയുള്ള സർക്കാർ ചീഫ് വിപ്പ്)
∙ റോസ ഫാനിങ് (അറ്റോർണി ജനറൽ) .