അയർലൻഡിൽ മകരവിളക്ക് മഹോത്സവം ആഘോഷിച്ചു

Mail This Article
ഡബ്ലിൻ ∙ അയർലൻഡിലെ ആദ്യ ഹിന്ദു-മലയാളി കൂട്ടായ്മയായ സത്ഗമയ സത്സംഘത്തിന്‍റെ നേതൃത്വത്തിൽ മകരവിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു. കൊടുംതണുപ്പിനെപ്പോലും അവഗണിച്ച് വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ ആയിരത്തോളം അയ്യപ്പഭക്തരുടെ ശരണംവിളികളാൽ മുഖരിതമായ ക്ഷേത്രാങ്കണം മറ്റൊരു അയ്യപ്പസന്നിധാനമായി മാറി. ശബരിമല ക്ഷേത്രത്തിന്‍റെ മാതൃകയിൽ നിർമിച്ച ക്ഷേത്രവും കൊടിമരവും പതിനെട്ടാംപടിയും ഇതുവരെ അയർലൻഡ് കാണാത്ത ഒരു മകരവിളക്ക് മഹോത്സവത്തിനാണ് സത്ഗമയ ഈ വർഷം വേദിയൊരുക്കിയത്.
ഡബ്ലിൻ വിഎച്ച്സിസിഐ ക്ഷേത്രത്തിൽ രാവിലെ ബ്രഹ്മശ്രീ ഇടശ്ശേരി രാമൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന കൊടിയേറ്റ് ചടങ്ങോടെ ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു. ഉഷപൂജ, നെയ്യഭിഷേകം, പൂരുഷസൂക്തം, ഭാഗ്യസൂക്തം, നീരാഞ്ജനം, ഉച്ചപൂജ, പടിപൂജ, പടിപ്പാട്ട് എന്നിവയിൽ പങ്കുചേർന്ന് മഹാദീപാരാധനയും മകരവിളക്കും കണ്ട് അയ്യപ്പഭക്തർ ദർശനസായൂജ്യം നേടി. പൂജകൾക്ക് അകമ്പടിയായി നടന്ന സത്ഗമയ ഭജൻസിന്‍റെ മുതിർന്നവരുടെയും കുട്ടികളുടെയും ഭക്തിഗാനസുധ ക്ഷേത്രാങ്കണം ഭക്തിസാന്ദ്രമാക്കി.
കഴിഞ്ഞ വർഷം അയർലൻഡിൽ അയ്യപ്പസ്വാമിക്കായ് സമർപ്പിച്ച 'അയ്യാ എന്നയ്യാ' എന്ന ഭക്തിഗാനത്തിന്‍റെയും മറ്റു ഭക്തിഗാനങ്ങളുടെയും നൃത്താവിഷ്കാരവും ചിന്തുപാട്ടും സപ്തസ്വര ടീം പ്രസ്തുത വേദിയിൽ അവതരിപ്പിച്ചത് ആഘോഷപരിപാടികൾക്ക് കൂടുതൽ ചാരുത പകർന്നു.
ശബരിമല മാതൃകയിൽ ക്ഷേത്രം നിർമിക്കാൻ മുൻകൈ എടുത്ത പ്രിയൻ ഇലവുങ്കൽ, രമ്യ പ്രിയൻ, നിധിൻ മോഹനൻ എന്നിവരെ വേദിയിൽ വച്ച് പൊന്നാട അണിയിച്ച് ആദരിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന പ്രസാദ വിതരണത്തോടെയും അന്നദാനത്തോടെയും ആഘോഷ പരിപാടികൾ സമാപിച്ചു.
ആഘോഷ പരിപാടികൾ വൈദിക് ഹിന്ദു കൾച്ചറൽ സെന്‍റർ അയർലൻഡ് Dw ITWA യുമായി ചേർന്ന് സംയുക്തമായാണ് ഈ വർഷം നടത്തിയത്. സത്ഗമയുടെ തുടർ പരിപാടികളിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുക: 0873226832, 0877818318, 0871320706