എയോവിൻ കാലാവസ്ഥാ ബോംബായി മാറുന്നതിന് സാധ്യത; യുകെയും അയർലൻഡും ജാഗ്രതയിൽ

Mail This Article
ബെൽഫാസ്റ്റ് ∙ അത്യപൂർവമായ കൊടുങ്കാറ്റിനെ നേരിടാൻ ഒരുങ്ങുകയാണ് യുകെയും അയർലൻഡും. എയോവിൻ എന്നു പേരിട്ടിരിക്കുന്ന കൊടുങ്കാറ്റ് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുമെന്നാണ് പ്രവചനം. പ്രാദേശിക സമയം രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ നോർത്തേൺ അയർലൻഡിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപകടങ്ങൾ പൂർണമായും ഒഴിവാക്കാനാണ് ശ്രമം. സ്കൂളുകൾക്കെല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലർട്ട് നിലനിൽക്കുന്നതിനാൽ പലയിടങ്ങളിലും സൂപ്പർമാർക്കറ്റ് ചെയിനുകളും പ്രവർത്തിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കടകൾ തുറക്കില്ലെന്ന മുന്നറിയിപ്പ് ബോർഡുകൾ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്.
∙45 ലക്ഷം പേര്‍ക്ക് അടിയന്തര മുന്നറിയിപ്പ്
കൊടുങ്കാറ്റ് വീശിയടിക്കുമെന്നു പ്രവചനം എത്തിയതിനു പിന്നാലെ വ്യാഴാഴ്ച വൈകിട്ടോടെ 45 ലക്ഷം പേർക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അടിയന്തര മുന്നറിയിപ്പ് ലഭിച്ചു. ജാഗ്രതാ മുന്നറിയിപ്പ് സന്ദേശത്തിനൊപ്പം 10 സെക്കൻഡ് നീണ്ടുനിൽക്കുന്ന സൈറനുമാണ് പ്രദേശവാസികളുടെ ഫോണുകളിലേക്ക് എത്തിയത്. കൊടുങ്കാറ്റ് എത്തുന്നതിനു മുന്നോടിയെന്നോണം രാത്രിയോടെ തന്നെ കനത്ത മഴയും കാറ്റും ശക്തമായിട്ടുണ്ട്.
വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ മൊബൈൽ ഫോണുകളും പവർ ബാങ്കുകളും ചാർജ് ചെയ്തു സൂക്ഷിക്കാനും ആവശ്യത്തിനുള്ള ഭക്ഷ്യ വസ്തുക്കൾ കരുതാനും പ്രാദേശിക കേന്ദ്രങ്ങളിൽ നിന്നുള്ള മുന്നറിയിപ്പുണ്ട്. തുടർന്ന് സന്ധ്യയോടെ സൂപ്പർമാർക്കറ്റുകളിൽ കടുത്ത തിരക്കാണ് അനുഭവപ്പെട്ടത്. വാഹനങ്ങൾ സുരക്ഷിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നതിനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും നിർദേശമുണ്ട്. രാജ്യത്ത് ട്രെയിൻ സർവീസുകളിൽ ചിലതും സർവീസ് നടത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്.

∙നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും സ്‌കോട്‌ലന്‍ഡില്‍ റെഡ് അലർട്ട്
യുകെയിൽ എല്ലായിടത്തും യെല്ലോ വാണിങ്ങ് പുറപ്പെടുവിച്ചിട്ടുണ്ട്. നോർത്തേൺ അയർലൻഡിൽ മൊത്തം രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ റെഡ് വാണിങ്ങാണ് അധികൃതർ പുറപ്പെടുവിച്ചിരിക്കുന്നത്. അതായത് ഇവിടെ മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിലുള്ള കാറ്റുണ്ടാകും. സ്കോട്ട്ലൻഡിൽ ഗ്ലാസ്ഗോയിലും എഡിൻബറോയിലും രാവിലെ പത്തു മുതൽ അഞ്ചു വരെ റെഡ് വിൻഡ് വാണിങ്ങുണ്ട്. ശനിയാഴ്ച സ്കോട്ട്ലൻഡിൽ ആംബർ വിൻഡ് വാണിങ് ആണു പ്രഖ്യാപിച്ചിട്ടുള്ളത്. രാവിലെ ആറു മുതൽ അർധരാത്രി വരെ കടുത്ത മഞ്ഞുപെയ്യാനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. അയർലൻഡിൽ ഒട്ടാകെ രാവിലെ രണ്ടു മുതൽ രാവിലെ പത്തു വരെ റെഡ് വാണിങ്ങാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
കൊടുങ്കാറ്റ് എയോവിൻ കാലാവസ്ഥാ ബോംബായി രൂപാന്തരം പ്രാപിക്കുന്നതായാണ് കിഴക്കൻ അയർലൻഡ് തീരമേഖലയിൽ നിന്നു ശേഖരിച്ചിട്ടുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്. യുകെ, അയർലൻഡ് ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റിന്‍റെ വായുമർദം കഴിഞ്ഞ എട്ടു മണിക്കൂറിനുള്ളിൽ 35 മില്ലിബാർ കുറഞ്ഞിട്ടുണ്ട്. ചുഴലിക്കാറ്റിന്‍റെ മധ്യഭാഗത്തുള്ള വായുമർദം കുറയുമ്പോൾ അത് കൂടുതൽ തീവ്രമാകുകയാണ് ചെയ്യുക. കേന്ദ്ര മർദം 940 മില്ലിബാറായി കുറയുമെന്നാണ് പ്രവചനം. അങ്ങനെ സംഭവിച്ചാൽ യുകെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ ചുഴലിക്കാറ്റായി അത് മാറുകയായിരിക്കും ഫലം.