യുകെയിൽ ഡാന്‍സ് ക്ലാസില്‍ നടന്ന മൂന്നു പെൺകുട്ടികളുടെ കൊലപാതകം; പ്രതിക്ക് 52 വര്‍ഷം ജയില്‍ശിക്ഷ

Mail This Article
ലിവർപൂൾ ∙ യുകെയിലെ സൗത്ത്പോർട്ടിൽ ടെയ്‌ലർ സ്വിഫ്റ്റ് യോഗ, ഡാൻസ് വർക്ക്‌ഷോപ്പിനിടയിൽ മൂന്ന് പെൺകുട്ടികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 18 വയസ്സുകാരനായ ആക്സല്‍ റുഡാകുബാനയ്ക്ക് 52 വർഷം ജയിൽ ശിക്ഷ വിധിച്ച് കോടതി. കഴിഞ്ഞ വർഷം ജൂലൈ 29 ന് അന്ന് 17 വയസ്സുകാരനുണ്ടായിരുന്ന പ്രതി ബീബി കിങ് (6), എൽസി ഡോട്ട് സ്റ്റാൻകോംബ് (7), ആലിസ് ദാസിൽവ അഗ്യുയാർ (9) എന്നിവരെ കുത്തിക്കൊലപ്പെടുത്തിയത്.
ലിവർപൂൾ ക്രൗൺ കോടതിയിൽ വിചാരണ നേരിടവേ പ്രതി മൂന്ന് കൊലപാതകങ്ങൾ ഉൾപ്പെടെ 16 കുറ്റങ്ങൾക്കും കുറ്റക്കാരനാണെന്ന് സമ്മതിച്ചു. പൊതുസ്ഥലത്ത് കത്തി കൈവശം വച്ചത്, ഭീകരപ്രവർത്തനത്തിന് സഹായകമായേക്കാവുന്ന വിവരങ്ങൾ കൈവശം വച്ചത്, റൈസിൻ എന്ന മാരകമായ വിഷവസ്തു നിർമിച്ചത് എന്നിവയാണ് മറ്റ് പ്രധാന കുറ്റങ്ങൾ.
ശിക്ഷ വിധിക്കുമ്പോള്‍ താന്‍ ജീവനെടുത്ത കുട്ടികളുടെ കുടുംബാംഗങ്ങളുടെ മുഖം നേരില്‍ കാണാന്‍ വിസമ്മതിച്ച 18 കാരന്‍ ജയില്‍ സെല്ലില്‍ തന്നെ തുടര്‍ന്നു. മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയതിനും മറ്റു പത്ത് പേരെ വധിക്കാന്‍ ശ്രമിച്ചതിനുമാണ് ആക്സൽ റുഡാകുബാനയ്ക്ക് ശിക്ഷ നൽകിയത്. പ്രതി ജയിലില്‍ നിന്നും ഒരു കാലത്തും പുറത്തുവരാന്‍ സാധ്യതയില്ലെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസ് ഗൂസ് പറഞ്ഞു. സംഭവം രാജ്യത്തു കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം കത്തിപ്പടരാനും കാരണമായിരുന്നു. ഡാന്‍സ് ക്ലാസില്‍ വെച്ച് കൂട്ടക്കൊല നടത്താനായി ടാക്സിയില്‍ എത്തുന്ന ആക്സൽ റുഡാകുബാനയുടെ ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. കാറില്‍ നിന്നും ഇറങ്ങി ഹാര്‍ട്ട് സ്പേസ് കെട്ടിടത്തില്‍ നടന്നിരുന്ന ഡാന്‍സ് ക്ലാസിലേക്ക് ഇയാള്‍ സമാധാനപൂര്‍വ്വം നടന്നെത്തുകയും മറ്റൊരു വാതില്‍ വഴി അകത്ത് പ്രവേശിക്കുകയുമായിരുന്നു.
30 സെക്കന്‍ഡിനകം കുട്ടികളുടെ ഉച്ചത്തിലുള്ള കരച്ചിലാണ് കേട്ടതെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. ക്രൂരത നടപ്പാക്കുമ്പോള്‍ 18 തികഞ്ഞിരുന്നില്ലെന്ന കാരണത്താലാണ് ആജീവനാന്ത ശിക്ഷ നല്‍കുന്നത് അസാധ്യമാക്കിയതെന്ന് ജഡ്ജ് പറഞ്ഞു. ജയിലില്‍ നിന്നും പുറത്തിറങ്ങുന്നതിന് മുന്‍പ് കൊലയാളിക്ക് പരോള്‍ ബോര്‍ഡിനെ അഭിമുഖീകരിക്കേണ്ടി വരും. 13 ജീവപര്യന്തങ്ങളും റിസിന്‍ വിഷം ഉത്പാദിപ്പിച്ചതിന് 12 വര്‍ഷത്തെ തടവ് ശിക്ഷയുമാണ് ലഭിച്ചത്. ഈ വിഷം കൂടുതല്‍ ശുദ്ധീകരിച്ചാല്‍ 12,500 പേരെ വരെ കൊല്ലാന്‍ കഴിയുമെന്ന് വിദഗ്ധർ മൊഴി നല്‍കിയിരുന്നു. കൂടാതെ അല്‍ ഖ്വായ്ദ മാനുവലും കത്തികളും കൈവശം വച്ചതിന് 18 മാസത്തെ ശിക്ഷയും 52 വർഷത്തെ ജയിൽ ശിക്ഷയിൽ ഉൾപ്പെടുന്നു.