എയോവിന്‍ കൊടുങ്കാറ്റ്: യുകെയിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും മുന്നറിയിപ്പ് തുടരും; അനുഭവം പറഞ്ഞ് മലയാളി കുടുംബം

Mail This Article
ബെല്‍ഫാസ്റ്റ്∙ എയോവിന്‍ കൊടുങ്കാറ്റിനു പിന്നാലെ യുകെയിലെ ചില ഭാഗങ്ങളില്‍ പ്രഖ്യാപിച്ച മഞ്ഞ്, ഐസ്, കാറ്റ് മുന്നറിയിപ്പുകള്‍ ഞായറാഴ്ച രാവിലെ വരെ നീട്ടി. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും സ്‌കോട്‌ലന്‍ഡിലെ ഭൂരിഭാഗം പ്രദേശത്തുമാണ് മഞ്ഞ്, ഐസ് മുന്നറിയിപ്പു തുടരുന്നത്. ഒര്‍ക്‌നി, ഷെറ്റ്‌ലാന്‍ഡ് പ്രദേശങ്ങളില്‍ മുന്നറിയിപ്പ് മൂന്നുമണി വരെ തുടരും.
184 കിലോമീറ്ററിലേറെ വേഗത്തില്‍ വീശിയ എയോവിന്‍ കൊടുങ്കാറ്റിനു പിന്നാലെ അയര്‍ലന്‍ഡിലും യുകെയില്‍ സ്‌കോട്‌ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. മിക്കയിടത്തും വൈദ്യുതിയും മൊബൈല്‍ നെറ്റുവര്‍ക്കും പ്രവര്‍ത്തന രഹിതമായത് ജനജീവിതം ദുസ്സഹമാക്കി. 280 000 കുടുംബങ്ങളെയും നിരവധി ബിസിനസ് സ്ഥാപനങ്ങളെയും വൈദ്യുതി ബന്ധമില്ലാത്തത് ദുരിതത്തിലാക്കി. മിക്കയിടത്തും 14ഉം 20ഉം മണിക്കൂറുകള്‍ക്കുള്ളില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചെങ്കിലും ഉള്‍പ്രദേശങ്ങളില്‍ ഇനിയും ദിവസങ്ങള്‍ വൈകുമെന്നാണ് വിവരം.

∙ തണുത്തുറഞ്ഞ ഭക്ഷണം; ഇരുട്ടില്‍ മണിക്കൂറുകള്‍!
'ഇത്ര തണുത്ത ഭക്ഷണം കുഞ്ഞുങ്ങള്‍ക്ക് എങ്ങനെ കൊടുക്കും? പാൽ തിളപ്പിച്ചു കൊടുക്കാന്‍ പോലും സാധിക്കാതെ ബുദ്ധിമുട്ടി' - ഇതു പറയുന്നത് നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നിന്നുള്ള ഒരു മലയാളി കുടുംബം. ഭക്ഷണം പാകം ചെയ്യാനും ചൂടാക്കി കഴിക്കുന്നതിനും നല്ലൊരു പങ്ക് ആളുകളും വൈദ്യുതിയെ ആശ്രയിക്കുന്നു എന്നതു കൊണ്ടു തന്നെ വൈദ്യുതി നഷ്ടപ്പെട്ടതോടെ നിരവധി കുടുംബങ്ങളാണ് കുഞ്ഞുങ്ങള്‍ക്കു ഭക്ഷണം കൊടുക്കാനും ചൂടാക്കി കഴിക്കാനും സാധിക്കാതെ പ്രയാസപ്പെട്ടത്. മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ മെഴുകുതിരി വെട്ടത്തില്‍ രാത്രി കഴിച്ചു കൂട്ടിയെന്നും ഇവര്‍ പറയുന്നു.

∙ 12 മണിക്കൂര്‍; നാലു തടിക്കഷണവും തീയും
''എയോവിന്‍ കൊടുങ്കാറ്റില്‍ വൈദ്യുതിയും ഫോണ്‍ കവറേജും വൈഫൈയും ഇല്ലാതെ ഒറ്റപ്പെട്ടു പോയ 12 മണിക്കൂര്‍ നാലു തടിക്കഷണവും തീയുമായി സമയം കഴിച്ചു കൂട്ടുകയായിരുന്നു’’ - ഇതു പറയുന്നത് ഡോണാക്ലോണിയില്‍ താമസിക്കുന്ന മലയാളി ബിബിന്‍ തങ്കച്ചന്‍. കുടുംബമായി ഇരുട്ടില്‍ ഇരുന്നു തീ കായുന്ന ചിത്രങ്ങളും ഇവര്‍ സമൂഹമാധ്യമത്തില്‍ പങ്കുുവച്ചിട്ടുണ്ട്. ഗ്യാസ് അടുപ്പായിരുന്നതിനാല്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ തടസമുണ്ടായില്ലെന്നും ഇവര്‍ പറയുന്നു.
അതേ സമയം വൈദ്യുതി ഇല്ലാതെ ഭക്ഷണത്തിനും മൊബൈല്‍ ഫോണ്‍ ചാര്‍ജു ചെയ്യുന്നതിനും ബുദ്ധിമുട്ടുന്നവര്‍ക്കായി പള്ളികളും മറ്റും തുറന്നു നല്‍കി മാതൃകയായവരുമുണ്ട്. ശനിയും ഞായറും രാത്രി എട്ടുവരെ പള്ളിയില്‍ എത്താമെന്നു ക്രെയ്ഗാവണ്‍ സീഗോ പാരിഷ് ചര്‍ച്ച് അധികൃതര്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. ഇതിനിടെ കൂടുതല്‍ സ്ഥലങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായതിന്‍റെ വിവരങ്ങളും പുറത്തു വരുന്നുണ്ട്.
∙ റെക്കോര്‍ഡ് തകര്‍ത്ത കൊടുങ്കാറ്റ്
യുകെയില്‍ 1945ല്‍ ആഞ്ഞടിച്ച 113 മൈല്‍ വേഗമെന്ന റെക്കോര്‍ഡ് തകര്‍ത്താണ് 114 മൈല്‍ വേഗത്തില്‍ ഇന്നലെ എയോവിന്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. ഇത്രയും വലിയൊരു കാറ്റ് ആദ്യമായാണ് അനുഭവിക്കുന്നതെന്ന് പോട്ടാഡൗണ്‍ സ്വദേശിയായ പാട്രിക് മനോരമ ഓണ്‍ലൈനോടു പറഞ്ഞു. ചെറിയ പേടി തോന്നിയിരുന്നെങ്കിലും സുരക്ഷിതമായി കുടുംബത്തോടൊപ്പം വീട്ടില്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞതിന്‍റെ ആഹ്ലാദത്തിലാണ് താനെന്നും അദ്ദേഹം പ്രതികരിച്ചു.
ഇതിനിടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാശനഷ്ടങ്ങളുടെ കണക്കുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. മിക്കയിടത്തും കെട്ടിടങ്ങളുടെ കേടുപാടുകള്‍ പരിഹകരിക്കാനും സാഹചര്യങ്ങള്‍ പൂര്‍വസ്ഥിതിയില്‍ ആക്കാനുമുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അയര്‍ലന്‍ഡില്‍ കാറിനു മുകളിലേയ്ക്കു മരം വീണ് മരിച്ചയാളുടെ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. റാഫോയിലെ ഫെഡിഗ്ലാസ് എന്ന സ്ഥലത്ത് രാവിലെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ മരിച്ചയാള്‍ 20കാരനാണെന്നാണ് റിപ്പോര്‍ട്ട്.
∙ പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ പ്രളയം
എയോവിന്‍ കാറ്റിന്‍റെ തുടര്‍ച്ചയായി പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ പ്രളയം രൂപപ്പെട്ടതിന്‍റെ വിവരങ്ങളും വാര്‍ത്തയായിട്ടുണ്ട്. പേസില്‍ നിരവധി കാറുകള്‍ വെള്ളത്തിന് അടിയിലായതിന്‍റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.