സർക്കാരിന്റെ തകർച്ച; ജർമനിയുടെ സാമ്പത്തിക വളർച്ച പിന്നോട്ട്

Mail This Article
ബര്‍ലിന്‍∙ സർക്കാരിന്റെ തകർച്ച ജർമനിയുടെ സാമ്പത്തിക വളർച്ചയെ പിന്നോട്ടു വലിക്കുന്നതായി റിപ്പോർട്ട്. 2025 ലെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം 1.1 ല്‍ നിന്ന് 0.3 ശതമാനമായി കുറച്ചു. സർക്കാരിന്റെ തകർച്ചയാണ് പ്രവചനത്തിൽ വീണ്ടും കുറവു വരുത്തിയതെന്നാണ് റിപ്പോർട്ടുകൾ. വളർച്ചാ മുന്നേറ്റ പ്രവചനങ്ങള്‍ ഉണ്ടായിരുന്നിട്ടും, സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നത് വ്യക്തിഗത സാമ്പത്തിക സാഹചര്യങ്ങള്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ്.
ജർമന്‍ സര്‍ക്കാര്‍ ബുധനാഴ്ചയാണ് 2025 ലെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം 0.3 ശതമാനമായി പ്രഖ്യാപിച്ചത്, കഴിഞ്ഞ ഒക്ടോബറില്‍ 1.1 ശതമാനമെന്നായിരുന്നു പ്രവചനം. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വൈറ്റ് ഹൗസിലേക്കുള്ള തിരിച്ചുവരവിനും അടുത്ത മാസം 23 ന് നടക്കാനിരിക്കുന്ന ഫെഡറല്‍ തിരഞ്ഞെടുപ്പിനുമിടയിലാണ് വളര്‍ച്ചാ പ്രവചനങ്ങള്‍ ചുരുങ്ങുന്നത്.
രണ്ട് വര്‍ഷത്തെ മാന്ദ്യത്തെത്തുടര്‍ന്ന് ജർമനിയുടെ മോശം സാമ്പത്തിക പ്രകടനം ഈ വര്‍ഷവും നീട്ടുമെന്ന് സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. ജർമനി സ്തംഭനാവസ്ഥയിലാണന്ന് സാമ്പത്തിക മന്ത്രി റോബര്‍ട്ട് ഹാബെക്ക് ബര്‍ലിനില്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.വളര്‍ച്ചാ പ്രവചനം പുനഃപരിശോധിക്കാന്‍ കഴിഞ്ഞ നവംബറിലെ സര്‍ക്കാരിന്റെ തകര്‍ച്ചയാണ് പ്രധാനമായും കാരണമായതെന്നും ഇത് വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളില്‍ തടസ്സമുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഫെബ്രുവരി 23ലെ തിരഞ്ഞെടുപ്പിന് ശേഷം യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ പുതിയ സര്‍ക്കാരിനായി കാത്തിരിക്കുമ്പോള്‍, രാജ്യത്തിന്റെ ഭാവി സാമ്പത്തിക നയം അനിശ്ചിതത്വത്തിലാണ്.