ADVERTISEMENT

യുകെ ∙ എയർ ഇന്ത്യ കൊച്ചി - യുകെ വിമാന സർവീസുകൾ നിർത്തലാക്കുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് യുകെയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ ഇടയിൽ പടർന്നത്. പിന്നാലെ അടിയന്തിര ഇടപെടലുകളുമായി ഒഐസിസി (യുകെ) രംഗത്ത്. 

അഞ്ചു ലക്ഷത്തോളം പ്രവാസ മലയാളി സമൂഹത്തിന്റെ വ്യോമ യാത്രകൾക്ക് വിപരീത പ്രത്യാഘാതം ഉണ്ടാക്കുന്ന ഈ തീരുമാനം പുനർവിചിന്തനം ചെയ്യണമെന്നും അനുകൂലമായ തീരുമാനം അധികൃതരിൽ നിന്നും ഉണ്ടാകണമെന്നും അഭ്യർഥിച്ചുകൊണ്ട്‌ എയർ ഇന്ത്യ എംഡി ആൻഡ് സിഇഒ ക്യാമ്പെൽ വിൽസൻ, യുകെയിലെ വ്യോമയാന മന്ത്രി മൈക്ക് കെയ്ൻ എന്നിവർക്ക് ഒഐസിസി (യുകെ) - യുടെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു. പ്രശ്നത്തിൽ അടിയന്തിര ഇടപെടലും ഇന്ത്യ ഗവണ്മെന്റിന്റെ പിന്തുണയും ആവശ്യപ്പെട്ട് ഇന്ത്യൻ വ്യോമയാന മന്ത്രി കിഞ്ചരപ്പു റാം മോഹൻ നായിഡു ഇന്ത്യൻ ഹൈ കമ്മീഷൻ ഓഫീസ് എന്നിവർക്കും ജനപ്രതിനിധികളുടെ പിന്തുണ തേടി ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എംപി, കെപിസി സി അധ്യക്ഷൻ കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽഎ, ഫ്രാൻസിസ് ജോർജ് എംപി എന്നിവർക്കും സംഘടന നിവേദനം നൽകി. ഒഐസിസി (യുകെ) നാഷനൽ കമ്മിറ്റിയെ പ്രതിനിധീകരിച്ച് നാഷനൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ആണ് ഓൺലൈൻ മുഖേന നിവേദനം കൈമാറിയത്.

നേരത്തെ, എയർ ഇന്ത്യ വിമാന സർവീസുകളുടെ അടിക്കടി ഉണ്ടാകുന്ന സർവീസ് റദ്ദാക്കലുകളും തൻമൂലം യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ഗാട്വിക്കിൽ ഇപ്പോൾ അവസാനിക്കുന്ന എയർ ഇന്ത്യ സർവീസുകൾ ബിർമിങ്ങാം / മാഞ്ചസ്റ്റർ വരെ നീട്ടണമെന്നുമുള്ള ആവശ്യങ്ങളും മാസങ്ങൾക്ക് മുൻപ് ഒഐസിസി (യുകെ) -യുടെ നേതൃത്വത്തിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

oicc-uk-submits-petition-to-air-india

കൊച്ചി - യുകെ വിമാന സർവീസുകൾ എയർ ഇന്ത്യ നിർത്തലാക്കുന്ന പക്ഷം,  യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും നിവേദനത്തിൽ വിവരിച്ചിട്ടുണ്ട്. കുട്ടികൾ / പ്രായമായവർ എന്നിവരുമായി യാത്രചെയ്യുന്നവർ, രോഗികളായ യാത്രക്കാർ, സ്കൂൾ തുറക്കുന്ന സമയത്ത് കുട്ടികളുമായി യാത്ര ചെയ്യുന്നവർ എന്നിങ്ങനെ നിരവധി യാത്രക്കാരെ ദുരിതത്തിലാക്കുന്ന തീരുമാനം പുനപരിശോധയ്ക്ക് വിധേയമാക്കണമെന്നും അനുഭാവപൂർവ്വം പരിഗണിച്ചു ഉചിതമായ തീരുമാനം എടുക്കണമെന്നുമാണ് ഒഐസിസി (യുകെ) സമർപ്പിച്ച നിവേദനത്തിൽ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്.

2020 ഓഗസ്റ്റ് 28ന് ആരംഭിച്ച കൊച്ചി - യുകെ എയർ ഇന്ത്യ വിമാന സർവീസിനെ പ്രതിവാരം ആയിരത്തോളം യാത്രക്കാർ ആശ്രയിക്കുന്നുവെന്നാണ് കണക്കുകൾ. ഡൽഹി, ബാംഗ്ലൂർ മുംബൈ, ഗോവ എന്നിവിടങ്ങളിൽ നിന്നും യുകെയിലേക്ക് നടത്തുന്ന എയർ ഇന്ത്യ പ്രതിവാര സർവീസുകളുടെ എണ്ണം വർധിപ്പിച്ചിട്ടും കൊച്ചിയോട് അധികൃതർ ചിറ്റമ്മ നയം തുടരുകയായിരുന്നു. ഇതിനിടയിലാണ് മാർച്ച്‌ 29 ന് ശേഷം കൊച്ചി - യുകെ എയർ ഇന്ത്യ വിമാന സർവീസുകൾ ഉണ്ടാകില്ല എന്ന ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തു വന്നിരിക്കുന്നത്. ഔദ്യോഗികമായി ഈ വിവരം എയർ ഇന്ത്യ പുറത്തിറക്കിയിട്ടില്ലെങ്കിലും സമൂഹമാധ്യമത്തിലും മറ്റും ഈ വിവരം പ്രചരിക്കുന്നുണ്ട്.

ഇപ്പോഴുണ്ടായ വിഷയവുമായി ബന്ധപ്പെട്ടു അധികൃതരുമായി നേരിട്ട് ബന്ധപ്പെടാൻ ശ്രമിച്ചു വരുകയാണെന്നും വരും ദിവസങ്ങളിൽ ഒഐസിസി (യുകെ) -യുടെ നേതൃത്വത്തിലുള്ള ഇടപെടലുകൾ കൂടുതൽ ശക്തമാക്കുമെന്നും നാഷനൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു.

English Summary:

OICC UK Submits Petition to Air India

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com