അച്ഛന്‍റെ രൂപസാദൃശ്യം; കുട്ടി മരിച്ചത് അമ്മയുടെ കൊടുംക്രൂരതയിൽ പല്ലുകൾ നഷ്ടപ്പെട്ട്, മുഖം വീർത്ത് , ശിക്ഷ വിധിച്ച് കോടതി

Mail This Article
പാരിസ്∙ അച്ഛന്‍റെ രൂപസാദൃശ്യം തോന്നിയതിനാൽ 13 വയസ്സുള്ള മകളെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഫ്രാൻസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. സാൻഡ്രിൻ പിസ്സാര എന്ന 54കാരിയെയാണ് ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. 2020 ഓഗസ്റ്റിലാണ് സാന്ദ്രീന്‍റെ മകൾ അമാൻഡിൻ കൊല്ലപ്പെടുന്നത്. മരിക്കുമ്പോൾ 28 കിലോഗ്രാം മാത്രമായിരുന്നു അമാൻഡിന്‍റെ ഭാരം. മുഖം വീർത്ത്, പല്ലുകൾ നഷ്ടപ്പെട്ട്, ശരീരത്തിൽ നിറയെ ബാക്ടീരിയ ബാധിച്ച മുറിവുകളുമായി, മുടി പറിച്ച നിലയിലാണ് മൃതദേഹം എന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.
ആഴ്ചകളോളം ജനലുകളില്ലാത്ത ഒരു സ്റ്റോറേജ് റൂമിൽ പൂട്ടിയിട്ട് ആഹാരം നൽകാതെയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഒരു ദശാബ്ദത്തോളം അമാൻഡിനെ അമ്മ ഈ ക്രൂരമായ രീതിയിലുള്ള പീഡനത്തിന് വിധേയക്കാക്കി. കുട്ടിയെ അപമാനിക്കാനും വേദനിപ്പിക്കാനും വേണ്ടി മാത്രമാണ് അമ്മ ക്രൂരമായി മർദ്ദിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ആഹാരം നൽകാതിരിക്കുക, ക്യാമറ നിരീക്ഷണത്തിൽ ഒരു സ്റ്റോറേജ് റൂമിൽ പൂട്ടിയിടുക തുടങ്ങിയവയും പീഡന രീതികളായിരുന്നു.
മരിക്കുന്ന ദിവസം മകൾക്ക് വിഷാദരോഗമാണെന്നും പഞ്ചസാര, പഴം പ്യൂരി, പ്രോട്ടീൻ ഡ്രിങ്ക് എന്നിവ കഴിച്ചതിന് ശേഷം ഛർദ്ദിക്കുകയും ശ്വാസം നിലയ്ക്കുകയും ചെയ്തു എന്ന് സാൻഡ്രിൻ പിസ്സാര പറഞ്ഞു. എന്നാൽ പിന്നീട് മകളെ ഉപദ്രവിച്ചതായി അമ്മ കോടതിയിൽ സമ്മതിച്ചു. "മകളെ കണ്ടാൻ അച്ഛനെപ്പോലെ തോന്നുന്നതായി" സാൻഡ്രിൻ കോടതിയിൽ പറഞ്ഞു.
സാൻഡ്രിൻ പിസ്സാര കോപവും അക്രമവാസനയുമുള്ളയാളാണെന്നും അമാൻഡിന്‍റെ അച്ഛനോടുള്ള വിദ്വേഷം മകളോട് കാട്ടാൻ ശ്രമിച്ചെന്നും മാനസിക പരിശോധനയിൽ തെളിഞ്ഞു. സാൻഡ്രിൻ പിസ്സാരയ്ക്ക് മൂന്ന് ബന്ധങ്ങളിൽ നിന്ന് എട്ട് കുട്ടികളുണ്ട്. കേസിൽ സാൻഡിന്‍റെ മുൻ പങ്കാളി ജീൻ-മിഷേൽ ക്രോസിനെയും പരോളില്ലാതെ 20 വർഷം തടവിനും കോടതി ശിക്ഷിച്ചു.