നിരത്തുകളിലെ അമിത വേഗത; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ബ്രിട്ടിഷ് പൊലീസ്

Mail This Article
ലണ്ടൻ∙ ബ്രിട്ടനിലെ റോഡുകളിൽ അമിതവേഗതയിൽ വാഹനമോടിക്കുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ്. മണിക്കൂറിൽ 164 മൈൽ (264 km/h) വേഗതയിൽ വാഹനങ്ങൾ ഓടിക്കുന്നതായി കണ്ടെത്തിയതായി പൊലീസ് പുറത്തുവിട്ട വിവരങ്ങൾ സൂചിപ്പിക്കുന്നു. ഈ വേഗതയിൽ വാഹനം ഓടിക്കുന്നത് തങ്ങൾക്കു മാത്രമല്ല മറ്റുള്ളവർക്കും അപകടകരമാണെന്നും, ഡ്രൈവർമാർ ഇത്തരം സ്വാർത്ഥത കാണിക്കരുതെന്നും പൊലീസ് കർശനമായി നിർദ്ദേശിച്ചു. 2019 നും 2023 നും ഇടയിൽ മണിക്കൂറിൽ 100 മൈൽ (161 km/h) വേഗതയിൽ ഓടിക്കുന്ന 24,000 ത്തിലധികം വാഹനങ്ങൾ ക്യാമറയിൽ പതിഞ്ഞതായി പൊലീസിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു.
കെന്‍റിലെ എം25ൽ ഒരു കാറും ഗ്രേറ്റർ മാഞ്ചസ്റ്ററിൽ മറ്റൊരു കാറും മണിക്കൂറിൽ 164 മൈൽ (264 km/h) വേഗതയിൽ ഓടിക്കുന്നതായി കണ്ടെത്തി. ലണ്ടനിലും ഹംബർസൈഡ് പൊലീസ് ഫോഴ്‌സ് ഏരിയയിലും മണിക്കൂറിൽ 163 മൈൽ (262 km/h) വേഗതയിൽ ഓടിക്കുന്നതും കണ്ടെത്തി. ഇത്രയും വേഗത്തിൽ വാഹനം ഓടിക്കുന്നത് വ്യക്തികൾക്കും കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കെന്‍റ് പൊലീസിലെ റോഡ് പൊലീസിങ് മേധാവി ചീഫ് ഇൻസ്‌പെക്ടർ ക്രെയ്ഗ് വെസ്റ്റ് പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തെ കാലയളവിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വേഗത എന്തെന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിലാണ് മേൽപ്പറഞ്ഞ കണക്കുകൾ പുറത്തുവന്നത്. അമിതവേഗത്തിൽ നിരത്തിലൂടെ പായുന്ന പലരും വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നതായും വിവരമുണ്ട്. 2023-ൽ എം62-ൽ 164 മൈൽ (264 km/h) വേഗതയിൽ സഞ്ചരിച്ച ഒരു ഡ്രൈവർ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് പറഞ്ഞു.
2022ൽ സ്വാൻലിയിലെ എം25-ൽ അതേ വേഗതയിൽ സഞ്ചരിച്ച സീറ്റ് ലിയോണിന്‍റെ ഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കെന്‍റ് പൊലീസ് സ്ഥിരീകരിച്ചു. രണ്ട് സാഹചര്യങ്ങളിലും മോട്ടർവേ വേഗപരിധിയായ 70 മൈലിൽ (113 km/h) ഇരട്ടിയിലധികമായിരുന്നു വേഗത. 2019-ൽ 162 മൈൽ (260 km/h) വേഗതയിൽ വാഹനമോടിച്ചതിന് പിടിക്കപ്പെട്ട ഒരു ഡ്രൈവർക്ക് ലൈസൻസിൽ ആറ് പെനാൽറ്റി പോയിന്‍റുകൾ നൽകിയതായും 1,210 പൗണ്ട് പിഴ ലഭിച്ചതായും സൗത്ത് യോർക്ക്ഷെയർ പൊലീസ് പറഞ്ഞു.