'നിർഭാഗ്യകരമായ തീരുമാനം': ലണ്ടൻ - കൊച്ചി ഡയറക്ട് വിമാന സർവീസുകൾ റദ്ദാക്കിയ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് എംപിമാർ

Mail This Article
ലണ്ടൻ ∙ എയർ ഇന്ത്യയുടെ ലണ്ടൻ- കൊച്ചി വിമാന സർവീസ് റദ്ദാക്കിയ വിഷയം പാർലമെന്റിൽ ഉന്നയിച്ച് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് എംപിമാർ. ആന്റോ ആന്റണിയും ഫ്രാൻസിസ് ജോർജുമാണ് മനോരമ വാർത്തയ്ക്ക് പിന്നാലെ വിഷയത്തിൽ ഇടപെടുമെന്ന് പ്രഖ്യാപിച്ചത്. ബ്രിട്ടനിലെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് ഏറെ സഹായകമായിരുന്ന ലണ്ടൻ- കൊച്ചി ഡയറക്ട് വിമാന സർവീസുകൾ മാർച്ച് 30 മുതൽ നിർത്തലാക്കാനാണ് എയർ ഇന്ത്യയുടെ തീരുമാനം. ആഴ്ചയിൽ മൂന്നു ദിവസമായിരുന്നു ഗാട്ട്വിക്കിൽനിന്നും കൊച്ചിയിലേക്കും തിരിച്ച് കൊച്ചിയിൽനിന്നും ഗാട്ട്വിക്കിലേക്കും എയർ ഇന്ത്യ ഡയറക്ട് സർവീസ് നടത്തിയിരുന്നത്.
കോവിഡ് കാലത്ത് വന്ദേഭാരത് മിഷന്റെ ഭാഗമായി തുടങ്ങിയ ഈ സർവീസ് തുടക്കത്തിൽ ആഴ്ചയിൽ ഒരെണ്ണമായിരുന്നു. എന്നാൽ പിന്നീട് യാത്രക്കാരുടെ എണ്ണം അനുദിനം വർധിച്ചുവരികയും ഇന്ത്യയിലേക്കുള്ള ഏറ്റവും ജനപ്രിയ റൂട്ടുകളിലൊന്നായി ഇതു മാറുകയും ചെയ്തതോടെ സർവീസ് ആഴ്ചയിൽ രണ്ടായും, പിന്നീട് മൂന്നായും ഉയർത്തുകയായിരുന്നു. ഇപ്പോൾ ന്യായമായ ഒരു കാരണവും പറയാതെയാണ് പൊടുന്നനെ സർവീസുകൾ നിർത്തലാക്കാനുള്ള തീരുമാനം എയർ ഇന്ത്യ കൈക്കൊണ്ടത്. മാർച്ച് 30നുശേഷം ഈ റൂട്ടിൽ ബുക്കിങ് എടുക്കുന്നില്ല.
യൂറോപ്പിൽ നിന്നുള്ള മലയാളികൾക്ക് നാട്ടിലേക്ക് ലഭിക്കുന്ന ഡയറക്ട് അക്സസ് ആണ് ഈ ഫ്ലൈറ്റുകൾ. ഇതു നിർത്തലാക്കുന്നത് കേരളത്തോടു തന്നെ ചെയ്യുന്ന ദ്രോഹമാണ്. പാർലമെന്റിൽ എത്തിയാലുടൻതന്നെ കേരളത്തിലെ എംപിമാർ എല്ലാവരും ഒരുമിച്ച് ഇതിനെതിരേ വ്യോമയാന മന്ത്രിക്ക് നിവേദനം നൽകുമെന്ന് ആന്റോ ആന്റണി എംപി വ്യക്തമാക്കി. ഒട്ടേറെ യാത്രക്കാരെ ബാധിക്കുന്ന വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എംപിയും പറഞ്ഞു. വളരെ നിർഭാഗ്യകരമായ തീരുമാനമാണ് എയർ ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. കുട്ടികളും ജോലി ചെയ്യുന്നവരും കുടുംബസമേതം താമസിക്കുന്നവരുമായി ഒട്ടേറെ മലയാളികളാണ് ബ്രിട്ടനിലുള്ളത്. അവർക്കെല്ലാം നാട്ടിൽ വരാൻ ഏറ്റവും അഭികാമ്യമായിരുന്ന ഡയറക്ട് ഫ്ലൈറ്റ് എന്തുകൊണ്ട് നിർത്തി എന്നറിയാൻ വിഷയം പാർലമെന്റിൽ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ഫ്രാൻസിസ് ജോർജ് പ്രതികരിച്ചു.
ഇതിനിടെ കൊച്ചി വിമാനത്തിന്റെ കാര്യത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മ ആരംഭിച്ച ഓൺലൈൻ പെറ്റീഷനിൽ 3500 പേർ പങ്കുചേർന്നു. പരമാവധിയാളുകളുടെ ഒപ്പുശേഖരിച്ച് പ്രധാനമന്ത്രി അടക്കമുള്ളവരുടെ ശ്രദ്ധയിൽ അടിയന്തരമായി ഈ വിഷയം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് യുക്മയെന്ന് വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ വ്യക്തമാക്കി. പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയാണ് പെറ്റീഷൻ തയാറാക്കിയിരിക്കുന്നത്.