ലണ്ടൻ - കൊച്ചി നേരിട്ടുള്ള സർവീസ് നിർത്തലാക്കാനുള്ള എയർ ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഹൈബി ഈഡൻ എംപി

Mail This Article
ലണ്ടൻ ∙ എയർ ഇന്ത്യയുടെ ലണ്ടൻ- കൊച്ചി വിമാന സർവീസുകൾ മാർച്ച് 30 മുതൽ നിർത്തലാക്കാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈബി ഈഡൻ എംപി. തീരുമാനം പുനഃപരിശോധിക്കണമെന്നും സർവീസ് തുടരണമെന്നും എയർ ഇന്ത്യയോട് ആവശ്യപ്പെട്ട് എംപി.
യുകെയിൽ ജോലി ചെയ്യുന്ന കേരളത്തിൽ നിന്നുള്ള ധാരാളം നഴ്‌സുമാരാണ് ഈ വിമാന സർവീസിനെ ആശ്രയിക്കുന്നത്. നേരിട്ടുള്ള സർവീസ് നിർത്തലാക്കുന്നത് നഴ്‌സുമാരുൾപ്പെടെയുള്ള പ്രവാസി സമൂഹത്തിനും ബിസിനസ് യാത്രക്കാരെയും വിനോദസഞ്ചാരികൾളെയും പ്രതികൂലമായി ബാധിക്കുമെന്നും എംപി പറഞ്ഞു. ഇന്ത്യയും യുകെയും തമ്മിലുള്ള ടൂറിസം, വ്യാപാരം, സാംസ്കാരിക കൈമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ ഇത് ദുർബലപ്പെടുത്തുമെന്നും ഹൈബി ഈഡൻ വ്യക്തമാക്കി.
വിഷയം അടിയന്തിരമായി പരിശോധിച്ച് സർവീസ് തുടരാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഗാട്ട്വിക്കിൽനിന്നും കൊച്ചിയിലേക്കും തിരിച്ച് കൊച്ചിയിൽനിന്നും ഗാട്ട്വിക്കിലേക്കും ആഴ്ചയിൽ മൂന്നു ദിവസമാമ് എയർ ഇന്ത്യ ഡയറക്ട് സർവീസ് നടത്തിയിരുന്നത്. ഇതാണ് മാർച്ച് മുതൽ നിർത്തലാക്കാൻ ഒരുങ്ങുന്നത്.