ഫിൻലൻഡിൽ റിപ്പബ്ലിക്ക് ദിന വിരുന്നു സംഘടിപ്പിച്ച് ഇന്ത്യൻ എംബസി

Mail This Article
ഹെൽസിങ്കി ∙ ഫിൻലൻഡിൽ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ എഴുപത്തി ആറാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ചു ഇന്ത്യൻ അംബാസഡർ ഹേമന്ത് എച്ച്. കൊട്ടേൽവാറിന്റെ നേതൃത്വത്തിൽ ജനുവരി 27ന് ഹെൽസിങ്കിയിൽ പ്രത്യേക റിപ്പബ്ലിക്ക് ദിന വിരുന്നു സംഘടിപ്പിച്ചു. ഫിൻലൻഡ് സാമ്പത്തിക കാര്യ മന്ത്രി വില്ലെ റിഡ്‌മാൻ മുഖ്യ അതിഥി ആയിരുന്നു. ഇന്ത്യയുമായി മികച്ച ബന്ധമാണ് ഫിൻലൻഡിനുള്ളതെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ പരാമർശിച്ചു.
ഇന്ത്യ -ഫിൻലൻഡ് നയതന്ത്ര ബന്ധത്തിന്റെ 75 വർഷത്തെ സ്മരണയ്ക്കായി പ്രത്യേക ചരിത്ര പ്രദർശനവും സംഘടിപ്പിച്ചിരുന്നു. ഇന്ത്യൻ അംബാസഡർ ഹേമന്ത് എച്ച്. കൊട്ടേൽവാറും ഫിൻലാൻഡിന്റെ സാമ്പത്തിക കാര്യ മന്ത്രി വില്ലെ റിഡ്മാനും സംയുക്തമായി പരിപാടി ഉദ്ഘാടനം ചെയ്തു.
ഫിന്നിഷ് ഗവൺമെന്റ് ഉദ്യോഗസ്ഥരും, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും, വിവിധ ഇന്ത്യൻ അസോസിയേഷനുകളുടെ പ്രതിനിധികളും വിരുന്നിൽ പങ്കെടുത്തു. പ്രത്യേക കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. പതിവുപോലെ ഇത്തവണയും ജനുവരി 26 നു ഇന്ത്യൻ എംബസിയിൽ പതാക ഉയർത്തൽ ചടങ്ങുകളും സംഘടിപ്പിച്ചിരുന്നു.