എംടി വാസുദേവൻ നായരെ അനുസ്മരിച്ച് വേൾഡ് മലയാളി ഫെഡറേഷൻ

Mail This Article
റോം ∙ വേൾഡ് മലയാളി ഫെഡറേഷന്‍റെ (ഡബ്ല്യുഎംഎഫ്) നേതൃത്വത്തിൽ എം.ടി വാസുദേവൻ നായരെ അനുസ്മരിച്ചു. ഓൺലൈനായി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം പേർ പങ്കെടുത്തു.
പ്രശസ്ത സാഹിത്യകാരി ഡോ. കെ.പി. സുധീര അനുസ്മരണ പ്രഭാഷണം നടത്തി. ഒരേസമയം ഗ്രാമീണനും നാഗരികനുമായ എഴുത്തുകാരനായിരുന്നു എംടി. പ്രതിഭാസങ്ങളുടെ വൈരുദ്ധ്യവും വൈരുദ്ധ്യങ്ങളിലെ യോജിപ്പുകളും എംടി കൃതികളിൽ കണ്ടെത്താൻ കഴിയും. കാലം ഇരമ്പി നിൽക്കുന്ന കൃതികൾ എന്നതിനൊപ്പം, സത്യസന്ധമായ സാമൂഹ്യ ചരിത്രവും കൂടിയായതുകൊണ്ടാണ് എംടിയുടെ സൃഷ്ടികൾ കാലാനുവർത്തിയായി മാറിയതെന്നും കെ.പി സുധീര പറഞ്ഞു.
ഡബ്ല്യുഎംഎഫ് ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാക്കാലുള്ള മൗനത്തിന്‍റെ അതിരുകൾ ഭേദിച്ച്, തൂലികയിലൂടെ വാചാലമാകുന്ന വാക്കുകളുടെ അനുഭവം വായനക്കാരിലേക്ക് സംവേശിപ്പിക്കാൻ കഴിഞ്ഞ എഴുത്തുകാരനായിരുന്നു എംടി എന്ന് അദ്ദേഹം പറഞ്ഞു.
ഗ്ലോബൽ ജോയിന്‍റ് സെക്രട്ടറി സപ്ന അനു ബി. ജോർജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡബ്ല്യുഎംഎഫ് പ്രസിദ്ധീകരണമായ ‘വിശ്വകൈരളി’ മാഗസിന്‍റെ, എംടി- ജയചന്ദ്രൻ അനുസ്മരണ പതിപ്പ് - 'മഞ്ഞും മഞ്ഞലയും', കെ.പി. സുധീരയും ഗ്ലോബൽ പ്രസിഡന്‍റ് പൗലോസ് തേപ്പാലയും ചേർന്ന് പ്രകാശനം ചെയ്തു.
പൗലോസ് തേപ്പാല, കോഓർഡിനേറ്റർ ഡോ. ആനി ലിബു, സെക്രട്ടറി നൗഷാദ് ആലുവ, ട്രഷറർ ടോം ജേക്കബ്, ഭാരവാഹികളായ ഹരീഷ് നായർ, ഒബൈദ് മരയ്ക്കാർ, രാജൻ കോക്കൂരി, നോവിൻ വാസുദേവ്, കെ.വി. സുമിത്ര, വിലാസ് കുറുപ്പ്, രമ പിഷാരടി, രശ്മി സന്തോഷ്, റഫീഖ് മരയ്ക്കാർ, ബാലകൃഷ്ണൻ, മുഹമ്മദ് സാലി, ഏലിയാസ് ഐസക്ക്, സുനിൽകുമാർ, ഷബീർ തുടങ്ങിയവർ പ്രസംഗിച്ചു.