ജർമനിയിൽ തൊഴിലില്ലായ്മ രൂക്ഷം; തൊഴിലില്ലാത്തവരുടെ എണ്ണം ഒരു ദശാബ്ദത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കിൽ

Mail This Article
ബർലിൻ∙ ജർമനിയിലെ തൊഴിലില്ലാത്തവരുടെ എണ്ണം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയുടെ ദൗർബല്യം തൊഴിൽ വിപണിയെ ബാധിച്ചതാണ് ഈ വർധനവിന് കാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുടെ കണക്കുകൾ പ്രകാരം ജനുവരിയിൽ ജർമനിയിൽ തൊഴിലില്ലാത്തവരുടെ എണ്ണം ഏകദേശം 30 ലക്ഷത്തിലെത്തി. വർഷത്തിലെ ആദ്യ മാസത്തിൽ ഇത്തരം ഉയർച്ചകൾ സാധാരണമാണെങ്കിലും 2025 ലെ കണക്ക് 2015 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്നതാണ്.
രാജ്യത്തെ തൊഴിലില്ലാത്തവരുടെ എണ്ണം 2024 ജനുവരിയേക്കാൾ 1,87,000 കൂടുതലാണ്. ഡിസംബറിന് ശേഷം തൊഴിലില്ലായ്മ നിരക്ക് 0.4% വർധിച്ച് 6.4% ആയി. ജർമൻ സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തിയ നിരവധി വിഷയങ്ങൾ തൊഴിൽ വിപണിയെ ബാധിച്ചതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ജനുവരിയിലെ വർധനവിന് കാരണമായി പുതുവത്സരത്തോടെ നിരവധി സീസണൽ തൊഴിൽ കരാറുകൾ അവസാനിക്കുന്നതും കാലാവസ്ഥയെ ആശ്രയിച്ചുള്ള ജോലികൾ നിർത്തിവയ്ക്കുന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു. ജർമൻ സമ്പദ്‌വ്യവസ്ഥയുടെ സാമ്പത്തികവും ഘടനാപരവുമായ ബലഹീനത തൊഴിൽ വിപണിയെ സാരമായി ബാധിക്കുന്നുണ്ട്.