എഐ ഉപയോഗിച്ചുള്ള കുട്ടികളുടെ ലൈംഗിക ചൂഷണം തടയാൻ യുകെയിൽ പുതിയ നിയമം വരുന്നു

Mail This Article
ലണ്ടൻ ∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധമാക്കാൻ യുകെ ഒരുങ്ങുന്നു. ഇതിനായി പുതിയ നിയമങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. കുട്ടികളെ സംരക്ഷിക്കുന്നതിനായി മോശം ചിത്രങ്ങളും വിഡിയോകളും നിർമിക്കുന്ന എഐ ഉപകരണങ്ങൾ കൈവശം വയ്ക്കുന്നതും വിതരണം ചെയ്യുന്നതും നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി യുകെ മാറുമെന്ന് ഹോം ഓഫിസ് പറയുന്നു.
അഞ്ച് വർഷം മുതൽ 10 വർഷം വരെ നിയമം ലംഘിക്കുന്നവർക്ക് തടവുശിക്ഷ ലഭിക്കും. നിയമങ്ങൾ ഏറ്റവും പുതിയ ഭീഷണികൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ഓൺലൈനിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുവാൻ സർക്കാർ മടിക്കില്ലെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു.
ഇത്തരം ചിത്രങ്ങൾ, വിഡിയോകൾ എന്നിവ പ്രദർശിപ്പിക്കുന്ന വെബ്‌സൈറ്റുകൾ പ്രവർത്തിക്കുന്നതും നിരോധിക്കും. വിഡിയോകൾ പലപ്പോഴും വിദേശത്ത് ചിത്രീകരിക്കുന്നതിനാൽ കുട്ടികൾക്ക് ലൈംഗിക അപകടസാധ്യതയുണ്ടെന്ന് സംശയിക്കുന്ന വ്യക്തികൾ യുകെയിലേക്ക് പ്രവേശിക്കുമ്പോൾ അവരുടെ ഡിജിറ്റൽ ഉപകരണങ്ങൾ പരിശോധനയ്ക്കായി അൺലോക്ക് ചെയ്യാൻ ബോർഡർ ഫോഴ്‌സിന് അധികാരം നൽകും. കുട്ടികളെ ബ്ലാക്ക്‌മെയിൽ ചെയ്യാനും ഇരകളെ കൂടുതൽ ദുരുപയോഗം ചെയ്യാനും എഐ സഹായത്തോടെ വ്യാജ ചിത്രങ്ങൾ ഉപയോഗിക്കുന്നതായും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഓൺലൈനിലൂടെ കുട്ടികൾക്ക് നേരെയുള്ള ഭീഷണിയുമായി ബന്ധപ്പെട്ട് ഓരോ മാസവും 800 ഓളം അറസ്റ്റുകൾ നടക്കുന്നതായി നാഷനൽ ക്രൈം ഏജൻസി (എൻസിഎ) അറിയിച്ചു. ക്രൈം ആൻഡ് പൊലീസിങ് ബില്ലിന്റെ ഭാഗമായി പ്രഖ്യാപിച്ച പുതിയ നടപടികൾ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനാണ് സർക്കാർ ഒരുങ്ങുന്നത്.