ട്രംപിന്റെ സാമ്പത്തിക നയം; ജര്‍മനിയിൽ നിന്നുള്ള കയറ്റുമതിയില്‍ 15 ശതമാനം ഇടിവിന് സാധ്യത

Mail This Article
ബര്‍ലിന്‍ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിര്‍ദ്ദിഷ്ട സാമ്പത്തിക നയങ്ങള്‍ യൂറോപ്യന്‍ യൂണിയനും പ്രത്യേകിച്ച് ജര്‍മനിക്കും വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് 20 ശതമാനം തീരുവ ചുമത്തുന്നത് യുഎസിലേക്കുള്ള ജര്‍മൻ കയറ്റുമതിയില്‍ ഏകദേശം 15 ശതമാനം ഇടിവുണ്ടാക്കുമെന്നും 33 ബില്യൻ യൂറോ (35.3 ബില്യൻ ഡോളര്‍) സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നും ഐഫോ ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു.
കൊളോണ്‍ ആസ്ഥാനമായുള്ള ജര്‍മന്‍ ഇക്കണോമിക് ഇന്‍സ്റ്റിറ്റ്യൂട്ട് കണക്കാക്കുന്നത്, 10 ശതമാനം താരിഫുകളുള്ള ഒരു വ്യാപാര യുദ്ധം, ട്രംപിന്റെ വൈറ്റ് ഹൗസിലെ നാല് വര്‍ഷത്തെ കാലാവധിയില്‍ ജര്‍മന്‍ സമ്പദ് വ്യവസ്ഥയ്ക്ക് 127 ബില്യഃ യൂറോ നഷ്ടമാകുമെന്ന് കണക്കാക്കുന്നു. 20 ശതമാനം താരിഫുകള്‍ ജര്‍മന്‍ സമ്പദ് വ്യവസ്ഥയ്ക്ക് 180 ബില്യൻ യൂറോ നഷ്ടമാകും.
യുഎസും ഇയുവും തമ്മിലുള്ള താരിഫ് തര്‍ക്കവും യുഎസ് സമ്പദ് വ്യവസ്ഥയ്ക്ക് ഒരു പ്രശ്നമായി മാറിയേക്കാം. അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് യൂറോപ്യന്‍ സാധനങ്ങള്‍ കൂടുതല്‍ ചെലവേറിയതാക്കും, പൊതുവെ വില വര്‍ധിപ്പിക്കുകയും പണപ്പെരുപ്പത്തിലേക്ക് നയിക്കാനും സാധ്യത.
ഇന്ത്യ കൂടി ഉള്‍പ്പെടുന്ന ബ്രിക്സ് രാജ്യങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. രാജ്യാന്തര വ്യാപാരങ്ങളില്‍ യുഎസ് ഡോളറിനു പകരം മറ്റു കറന്‍സികള്‍ ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ ബ്രിക്സ് രാജ്യങ്ങളില്‍നിന്ന് യുഎസിലേക്കുള്ള കയറ്റുമതികള്‍ക്ക് 100 ശതമാനം തീരുവ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.
ട്രംപിന്റെ സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ഇതുസംബന്ധിച്ച കുറിപ്പ് പ്രസിദ്ധീകരിച്ചത്. ആഗോള വ്യാപാരത്തില്‍ യുഎസ് ഡോളറിന്റെ പങ്ക് ബ്രിക്സ് രാജ്യങ്ങള്‍ നിലനിര്‍ത്തണമെന്നും അല്ലെങ്കില്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യ, ചൈന, റഷ്യ, യുഎഇ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ഇത്യോപ്യ, ഇന്തൊനീഷ്യ, ഇറാന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ്.