‘മുൻകൂട്ടി ആസൂത്രണം ചെയ്തതോ അതോ സ്വയരക്ഷയ്ക്കുവേണ്ടിയോ?’; കൗമാരക്കാരനെ വെടിവച്ചുകൊന്ന കർഷകൻ അന്തരിച്ചു

Mail This Article
ലണ്ടൻ∙ 1999ൽ തന്റെ വീട്ടിൽ അതിക്രമിച്ച് കയറിയതായി ആരോപിച്ച് കൗമാരക്കാരനെ വെടിവെച്ചുകൊന്ന കർഷകൻ ടോണി മാർട്ടിൻ (80) അന്തരിച്ചു. 16കാരനായ ഫ്രെഡ് ബാരസിനെ മാർട്ടിൻ വെടിവെച്ചുകൊന്ന സംഭവം ഏറെ വിവാദമായിരുന്നു. മാർട്ടിന്റെ പ്രവൃത്തി മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ അതോ സ്വയരക്ഷയ്ക്കുവേണ്ടിയാണോ എന്ന കാര്യത്തിൽ രാജ്യം രണ്ട് തട്ടിലായിരുന്നു. പമ്പ്-ആക്ഷൻ ഷോട്ട്ഗൺ ഉപയോഗിച്ചാണ് ടോണി മാർട്ടിൻ വെടിയുതിർത്തത്.
2000ൽ ബാരസിനെ കൊലപ്പെടുത്തിയതിനും 29കാരനായ ബ്രെൻഡൻ ഫിയറോണിന് പരുക്കേൽപ്പിച്ചതിനും മാർട്ടിനെ ജയിലിലടച്ചു. മൂന്ന് വർഷത്തിന് ശേഷം കൊലപാതകക്കുറ്റം മനഃപൂർവമല്ലാത്ത നരഹത്യയായി കുറച്ചതിനെ തുടർന്ന് അദ്ദേഹം മോചിതനായി.
ജയിൽ മോചിതനായ ശേഷം തനിക്ക് 'ഒന്നിലും ഖേദമില്ല' എന്ന് മാർട്ടിൻ പറഞ്ഞിരുന്നു "ഞാൻ ചെയ്തത് തെറ്റാണെന്ന് പറയുന്ന ആരെയും ഞാൻ കണ്ടിട്ടില്ല. എനിക്ക് സംഭവിച്ചത് ആളുകൾ മനസ്സിലാക്കുന്നില്ലെന്ന് ഞാൻ കരുതുന്നു. ഞാൻ നിഷ്കളങ്കനാണ്. ഞാൻ സത്യസന്ധനാണ്, എനിക്ക് അസത്യം ഇഷ്ടമല്ല" – കഴിഞ്ഞ വർഷം മാർട്ടിൻ സംഭവത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരുന്നു.
കുറച്ച് മാസങ്ങൾക്ക് മുൻപ് സ്ട്രോക്ക് ബാധിച്ച മാർട്ടിൻ ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് മുൻപ് വിസ്ബെക്ക് ആശുപത്രിയിൽ വച്ച് അന്തരിച്ചതായി കുടുംബ സുഹൃത്ത് മാൽക്കം സ്റ്റാർ പറഞ്ഞു. അദ്ദേഹം മരിക്കുമ്പോൾ അടുത്ത സുഹൃത്തുക്കൾ അരികിലുണ്ടായിരുന്നുവെന്ന് സ്റ്റാർ അറിയിച്ചു.