'ചായക്കൊപ്പം ലോൺ': സ്മാർട്ടാവാൻ സ്വിറ്റസർലൻഡിലെ റൈഫ്ഐസൻ ബാങ്ക്

Mail This Article
സൂറിക് ∙ മാറുന്ന ബാങ്കിങ് ശീലങ്ങൾക്കൊപ്പം "സ്മാർട്ട്" ആവുകയാണ് സ്വിറ്റസർലൻഡിലെ പ്രമുഖ ബാങ്കായ റൈഫ്ഐസൻ. പാശ്ചാത്യ ജീവിതത്തിന്റെ ദൈനംദിന ഭാഗമായ ബേക്കറി കം കഫെ ഷോപ്പുകൾക്ക്, ബാങ്ക് ശാഖകളുടെ ഒരു ഭാഗം വാടകയ്ക്ക് കൊടുത്തു വരുമാനവും, ഒപ്പം കസ്റ്റമേഴ്‌സിനെ ആകർഷിക്കുകയുമാണ് റൈഫ്ഐസൻ ബാങ്ക്.
നെറ്റ്, മൊബൈൽ ബാങ്കിങ്ങുകളുടെയും, കാർഡ് ഇടപാടുകളുടെയും കാലത്ത്, ബാങ്ക് ശാഖകളിൽ എത്തുന്ന ഇടപാടുകാരുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരികയാണ്. ബാങ്കുകൾക്കാവട്ടെ മിക്ക കേന്ദ്രങ്ങളിലും കണ്ണായ സ്ഥലത്തു സ്വന്തമോ, ദീർഘകാലത്തേക്ക് പാട്ടത്തിന് എടുത്ത കെട്ടിടമോ കാണും. ബാങ്കിങ് ശീലങ്ങൾ മാറിയതോടെ, വിശാലമായ ബാങ്ക് കെട്ടിടങ്ങളിൽ ഇടപാടുകാരുടെ തിരക്ക് കുറഞ്ഞു. ബാങ്കുകളുടെ ഡെയ്‌ലി ബിസിനസിനാവട്ടെ നിലവിൽ കൈവശമുള്ള വിശാല ചതുരസ്രഅടികൾ ആവിശ്യമില്ലാതാവുകയും ചെയ്‌തു.
മാറുന്ന ജീവിത ശീലങ്ങൾക്ക് അനുസരിച്ചു പൂട്ടിപോകാൻ സാധ്യത ഇല്ലാത്തതും, ആളുകൾ ദിവസവും വന്നെത്തുകയും ചെയ്യുന്ന ബിസിനസ് എന്ന വിലയിരുത്തലിലാണ്, ബേക്കറി കം കഫെ ഷോപ്പുകൾക്ക് ബാങ്ക് കെട്ടിടത്തിന്റെ ഒരു ഭാഗം റൈഫ്ഐസൻ വാടകയ്ക്ക് കൊടുത്തുതുടങ്ങിയത്. ബേൺ, ആറാവ്, ഫ്രിബുർഗ് എന്നിവിടങ്ങളിൽ നടത്തിയ പരീക്ഷണം വിജയമായതോടെ, സൂറിക് എഫ്രേറ്റികോണിലും ഏപ്രിലിൽ ബേക്കറി ഉദ്ഘാടനം നടക്കും. പ്രമുഖ ബേക്കറി ശൃംഖലകളെയാണ് അതാതിടങ്ങളിൽ ഇതിനായി ബാങ്ക് തിരഞ്ഞെടുത്തിട്ടുള്ളത്.
പോസ്റ്റൽ സർവീസിനൊപ്പം മറ്റ് സൈഡ് ബിസിനസുകൾ സ്വിറ്റസർലൻഡിലെ പോസ്റ്റ് ഓഫിസുകൾ വളരെ നേരത്തെ തുടങ്ങിയിട്ടുണ്ടെങ്കിലും, പോസ്റ്റ് ഓഫിസ് മാതൃക ബാങ്കിങ് ബിസിനസിന് യോജ്യമല്ല. ബാങ്ക് സമയത്തിന് മുൻപേ തുറന്ന്, ബാങ്ക് സമയം കഴിഞ്ഞു അടയ്ക്കുന്ന വിധത്തിലാണ്, ബാങ്ക് ഇൻറ്റഗ്രെറ്റഡ് ബേക്കറികളുടെ പ്രവർത്തനം. ബാങ്ക് കെട്ടിടത്തിനുള്ളിൽ ചുരുങ്ങിയത് 15 ഉം, പുറത്തു 25 ഉം പേർക്കും ഇരിക്കാൻ പറ്റുന്നവിധത്തിലാണ് ഇവയുടെ സംവിധാനങ്ങൾ.