യുകെ മലയാളി അരുൺ വിൻസെന്റിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി വിൽഷെയർ മലയാളി സമൂഹം

Mail This Article
സ്വിണ്ടൻ ∙ യുകെയിലെ സ്വിണ്ടനിൽ ജനുവരി 23ന് അന്തരിച്ച തൃശൂർ ഇരിങ്ങാലക്കുട പൂമംഗലം സ്വദേശിയായ അരുൺ വിൻസന്റിന് (37) യാത്രാമൊഴിയേകി വിൽഷെയർ മലയാളി സമൂഹം. നോർത്ത് സ്വിണ്ടനിലെ ഹോളി ഫാമിലി ചർച്ചിൽ നടന്ന പൊതുദർശനത്തിന് വിൽഷെയർ മലയാളി അസോസിയേഷൻ അംഗങ്ങളും ബന്ധുമിത്രാദികളും അന്തിമോപചാരം അർപ്പിക്കുവാൻ എത്തി.
ഭാര്യ ലിയയും ആറും നാലും വയസ്സുള്ള രണ്ട് ആൺകുട്ടികളുമാണ് അരുണിന്റെ കുടുമബം. ലുക്കീമിയ ബാധിച്ചതിനെ തുടർന്നുള്ള ചികിത്സയിൽ കഴിഞ്ഞിരുന്ന അരുൺ മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നാട്ടിൽ വച്ചു നടന്ന അനിയത്തിയുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷം യുകെയിലേക്ക് തിരികെ എത്തിയത്.
അരുണും കുടുംബവും അംഗങ്ങളായ വിൽഷെയർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പൊതുദർശന ശുശ്രൂഷകൾ നടന്നത്. ശുശ്രൂഷകളോട് അനുബന്ധിച്ച് നടത്തപ്പെട്ട വിശുദ്ധ കുർബാനയിൽ ഫാ. ഷാൽബിൻ മരോട്ടിക്കുഴി മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് വിൽഷെയർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട അനുശോചന സമ്മേളനത്തിൽ പ്രസിഡന്റ് ജിജി സജി അധ്യക്ഷത വഹിച്ചു.

ഇന്ത്യൻ ഓർത്തഡോക്സ് സഭയുയുടെ ബിഷപ് എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത, ഹോളി ഫാമിലി പള്ളി ഇടവക വികാരി ഫാ. നാം ഡി ഓബി, ക്നാനായ യാക്കോബായ കമ്മ്യൂണിറ്റിക്ക് വേണ്ടി ഫാ. സിജോ ജോസഫ്, സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. എബി ഫിലിപ്പ്, ഇന്ത്യൻ പെന്തക്കോസ്ത്ത് കമ്മ്യൂണിറ്റിയായ സീനായി മിഷനുവേണ്ടി പാസ്റ്റർ സിജോ ജോയ് എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
അസോസിയേഷൻ മുൻപ്രസിഡന്റ് പ്രിൻസ്മോൻ മാത്യു, ജിജി വിക്ടർ, ഗ്രേറ്റ് വെസ്റ്റേൺ ഹോസ്പിറ്റലിലെ വിവിധ വാർഡുകളെ പ്രതിനിധീകരിച്ചു ജീവനക്കാർ എന്നിവരും അന്തിമോപചാരം അർപ്പിച്ചു. സിറോ മലബാർ സ്വിണ്ടൻ കമ്മ്യൂണിറ്റിക്ക് വേണ്ടി ജോർജ് കുര്യാക്കോസ്, ബേബി ചീരൻ എന്നിവരും ഇന്ത്യൻ ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി സെക്രട്ടറി ഫാ. വർഗീസ് മാത്യു, സ്വിണ്ടൻ ക്നാനായ മിഷനുവേണ്ടി മാത്യു ജെയിംസ്, വിവിധ സംഘടനകളെയും കൂട്ടായ്മകളെയും പ്രതിനിധീകരിച്ച് റെയ്‌മോൾ നിധീരി, പൂർണിമ മേനോൻ അഞ്ജന സുജിത്ത് എന്നിവരും അനുശോചനം അറിയിച്ചു.
വിൽഷെയർ മലയാളി അസോസിയേഷൻ സെക്രട്ടറി ഷിബിൻ വർഗീസാണ് അനുശോചന സമ്മേളനം ക്രോഡീകരിച്ചത്. അരുൺ വിൻസന്റിന്റെ കുടുംബത്തിന് വേണ്ടി റോസ്മിയും വിൽഷെയർ മലയാളി അസോസിയേഷന് വേണ്ടി ട്രഷറർ കൃതീഷ് കൃഷ്ണനും നന്ദി അറിയിച്ചു. സംസ്കാര തീയതി പിന്നീട് അറിയിക്കുമെന്ന് വിൽഷെയർ മലയാളി അസോസിയേഷന്റെ മീഡിയ കോഓർഡിനേറ്റർ രാജേഷ് നടേപ്പള്ളി അറിയിച്ചു.