എഎഫ്ഡിയുമായി സഹകരിക്കില്ലെന്ന് ഫ്രെഡറിക് മെര്‍സ്

Mail This Article
ബര്‍ലിന്‍ ∙ ജര്‍മനിയുടെ അടുത്ത സര്‍ക്കാരിനെ നയിക്കാന്‍ സാധ്യതയുള്ള വ്യക്തിയെന്ന നിലയില്‍ തീവ്ര വലതുപക്ഷ എഎഫ്ഡിയുമായി ഒരു സഹകരണവും ഉണ്ടാകില്ലെന്ന് ഫ്രെഡറിക് മെര്‍സ്. യാഥാസ്ഥിതിക സിഡിയു/സിഎസ്യു സഖ്യത്തിന്റെ നിയമനിര്‍മാണത്തില്‍ എഎഫ്ഡി പിന്തുണ സ്വീകരിച്ചതിനെത്തുടര്‍ന്ന് തര്‍ക്കം നേരിടുകയും രാജ്യമൊട്ടാകെ പ്രതിഷേധവും ഉയര്‍ന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച ബര്‍ലിനില്‍ നടന്ന സിഡിയു പാര്‍ട്ടി കോണ്‍ഗ്രസിലാണ് മെര്‍സ് ഇക്കാര്യം വ്യക്തമാക്കിയത്.
സിഡിയുവിന്റെ ബവേറിയന്‍ സഹോദര പാര്‍ട്ടിയായ സിഎസ്യു ഉള്‍പ്പെടെ - മെര്‍സിന്റെ യാഥാസ്ഥിതിക സംഘം - ഒരു പുതിയ സര്‍ക്കാരിനെ നയിക്കാന്‍ പ്രാപ്തിയുള്ളതാണന്നും യോഗത്തില്‍ വിലയിരുത്തി. 15 ഇന പദ്ധതിക്ക് പ്രതിനിധികള്‍ ഏകകണ്ഠമായി വോട്ട് ചെയ്തതായി പാര്‍ട്ടി സമ്മേളന നേതൃത്വം അറിയിച്ചു. ക്രമരഹിതമായ കുടിയേറ്റം പരിമിതപ്പെടുത്തുന്നതിനും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.
കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്തുകൊണ്ട്, എഎഫ്ഡിയുമായി പ്രവര്‍ത്തിക്കില്ലന്നും"സഹകരണമില്ല, സഹിഷ്ണുതയില്ല, ന്യൂനപക്ഷ സര്‍ക്കാരില്ല, ഒന്നുമില്ല" എന്ന് മെര്‍സ് വാഗ്ദാനം ചെയ്തു. സിഡിയുവിന്റെ കേന്ദ്ര കമ്മിറ്റിയില്‍ (പ്രസിഡീയം) ഏകദേശം 1,000 പ്രതിനിധികളാണുള്ളത്.