കുവൈത്തിൽ പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനത്തിൽ തനിച്ചിരുത്തിയാൽ കർശന നടപടി

Mail This Article
കുവൈത്ത് സിറ്റി ∙ പത്ത് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ വാഹനത്തിൽ തനിച്ചിരുത്തിയാൽ 500 ദിനാർ പിഴയും ആറ് മാസം വരെ തടവും ലഭിക്കുമെന്ന് യൂണിഫൈഡ് ഗൾഫ് ട്രാഫിക് വീക്ക് 2025 കമ്മിറ്റി തലവൻ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-സബഹാൻ അറിയിച്ചു.
പത്ത് വയസ്സിന് താഴെയുള്ള കുട്ടികളുടെ കൂടെ മുതിർന്നവർ എപ്പോഴും വാഹനത്തിൽ ഉണ്ടായിരിക്കണം. കുട്ടികളെ തനിച്ചാക്കി മറ്റ് ആവശ്യങ്ങൾക്കായി വാഹനത്തിൽ നിന്ന് പുറത്ത് പോയാൽ അത് ബാലാവകാശ നിയമപ്രകാരമുള്ള കുറ്റകൃത്യമാണ്. ഇതിന് പിഴയും ജയിൽവാസവും അല്ലെങ്കിൽ രണ്ട് ശിക്ഷയും ഒരുമിച്ച് ലഭിക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
വാഹനം ഓടിക്കുമ്പോൾ കുട്ടികൾക്ക് ആവശ്യമായ സുരക്ഷ ഒരുക്കി പിൻസീറ്റിൽ ഇരുത്തണം. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തുന്നത് എഐ ക്യാമറകൾ വഴിയല്ലാതെ നേരിട്ട് രേഖപ്പെടുത്തുന്ന നിയമലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമലംഘനങ്ങൾ സാഹേൽ ആപ്പ് വഴി അയക്കുന്നതുമാണ്.