ADVERTISEMENT

ലണ്ടന്‍∙ ബ്രിട്ടനിലെ മലയാളി സമൂഹത്തിന്റെ നാട്ടിലേയ്ക്കുള്ള യാത്രയ്ക്കു കരിനിഴല്‍ വീഴ്ത്തിയുള്ള എയര്‍ ഇന്ത്യയുടെ തീരുമാനത്തിനെതിരെ അഭ്യര്‍ഥനയുമായി പ്രവാസി ലീഗല്‍ സെല്‍. ലണ്ടന്‍ - കൊച്ചി നേരിട്ടുള്ള വിമാന സര്‍വീസ് നിര്‍ത്തലാക്കിയതിനെതിരെ പ്രവാസി ലീഗല്‍ സെല്‍ എയല്‍ ഇന്ത്യ സിഇഒയ്ക്കും വ്യോമയാന മന്ത്രാലയത്തിനും കത്തയച്ചു. 

മലയാളികള്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ ആശ്രയിക്കാമായിരുന്ന സംവിധാനം ഇല്ലാതാകുന്നതോടെ യാത്രാ പ്രതിസന്ധി രൂക്ഷമാകും എന്നു ചൂണ്ടിക്കാട്ടിയാണ് കത്തയച്ചിരിക്കുന്നത്. പ്രവാസി ലീഗല്‍ സെല്‍ ആഗോള പ്രസിഡന്റ് ജോസ് ഏബ്രഹാം, യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സോണിയ സണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് അപേക്ഷ അയച്ചിട്ടുള്ളത്. 

പ്രവാസികളുടെ യാത്രാ സമയവും ചെലവും വര്‍ധിക്കുന്നതിനു കാരണമാകുന്ന ഈ തീരുമാനത്തില്‍ നിന്നു പിന്‍മാറണമെന്ന അഭ്യര്‍ഥന എയര്‍ ഇന്ത്യ പരിഗണിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നു പ്രവാസി ലീഗല്‍ സെല്‍ യുകെ ചാപ്റ്റര്‍ അധ്യക്ഷ സോണിയ സണ്ണി പറഞ്ഞു.  ലണ്ടനില്‍ നിന്നു നേരിട്ടു കൊച്ചിയിലേയ്ക്കു 10- 11 മണിക്കൂറുകൊണ്ട് എത്താമായിരുന്ന സാഹചര്യം ഇല്ലാതാകുന്ന സാഹചര്യമാണ് എയര്‍ ഇന്ത്യയുടെ തീരുമാനത്തിലൂടെ സംജാതമാകുന്നത്. യാത്രികരുടെ ചെലവു വര്‍ധിക്കുന്നതിനും എയര്‍ ഇന്ത്യയുടെ തീരുമാനം കാരണമാകും. ഇത് ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ തലത്തിലും നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സോണിയ പറഞ്ഞു.

ലണ്ടനിലെ ഗാഡ്​വിക് എയര്‍പോര്‍ട്ടില്‍ നിന്നു പ്രതിവാരം മൂന്നു സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ മാര്‍ച്ച് 30 മുതല്‍ സര്‍വീസ് അവസാനിപ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കോവിഡ് കാലത്ത് വന്ദേഭാരത് മിഷന്റെ ഭാഗമായി ആരംഭിച്ച സര്‍വീസില്‍ യാത്രക്കാരുടെ എണ്ണം കൂടിയതോടെ ആഴ്ചയില്‍ മൂന്നെണ്ണം വരെയാക്കി ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ പെട്ടെന്നൊരു ദിവസം പ്രത്യേകിച്ചു കാരണമില്ലാതെയാണ് സര്‍ലവീസുകള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് പ്രവാസികളുടെ ആക്ഷേപം.

2003ല്‍ ഇത്തരത്തില്‍ സര്‍വീസ് നിര്‍ത്താന്‍ ശ്രമം എയര്‍ ഇന്ത്യയുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. എന്നാല്‍ ജനപ്രതിനിധികളും പ്രവാസി സംഘടനകളും എതിര്‍ത്തതോടെ നിലപാടില്‍ നിന്നു കമ്പനി പിന്‍മാറുകയായിരുന്നു. ഇത്തരത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്  പ്രവാസി സംഘടനകള്‍. കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രവാസി സംഘടനകള്‍ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. 

യുകെ മലയാളികളോട് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ വക്താവും ബഹ്‌റിന്‍ ചാപ്റ്റര്‍ അധ്യക്ഷനുമായ സുധീര്‍ തിരുനിലത്ത്, ദുബായ് ചാപ്റ്റര്‍ അധ്യക്ഷന്‍ ടി.എന്‍. കൃഷ്ണകുമാര്‍, അബുദബി ചാപ്റ്റര്‍ അധ്യക്ഷന്‍ ജയപാല്‍ ചന്ദ്രസേനന്‍, ഷാര്‍ജ - അജ്മാന്‍ ചാപ്റ്റര്‍ ഹാജിറാബി വലിയകത്ത്, കുവൈറ്റ് ചാപ്റ്റര്‍ അധ്യക്ഷന്‍ ബാബു ഫ്രാന്‍സിസ് തുടങ്ങിയവര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

English Summary:

Plea from Pravasi Legal Cell against the discontinuation of London-Kochi flight service.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com