യൂറോപ്പിലേക്ക് വിനോദയാത്ര: മലയാളിയുടെ ഓഫറിന് പിന്നിൽ കാത്തിരുന്ന ചതി, പ്രതി പിടിയിൽ

Mail This Article
കൊടുങ്ങല്ലൂർ ∙ ടൂർ പാക്കേജ് പ്രകാരം യൂറോപ്പിലേക്ക് വിനോദയാത്ര പോകാമെന്ന പരസ്യം നൽകി ലക്ഷക്കണക്കിനു രൂപ തട്ടിപ്പ് നടത്തിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ചാർലി വർഗീസിനെ (51) ആണ് ഇൻസ്പെക്ടർ ബി.കെ.അരുണും സംഘവും അറസ്റ്റ് ചെയ്തത്. മാധ്യമങ്ങളിൽ ടൂർ പാക്കേജിന്റെ പരസ്യം കണ്ടു ബന്ധപ്പെട്ട മേത്തല എരിശേരിപ്പാലം സ്വദേശികളായ അശോകൻ (71), സുഹൃത്തുക്കളായ വിജയൻ, രങ്കൻ എന്നിവരാണ് തട്ടിപ്പിന് ഇരയായത്.
ചാർലി ആവശ്യപ്പെട്ട പ്രകാരം ഇവർ വിനോദ യാത്രയ്ക്കായി 9 ലക്ഷം രൂപ നൽകി. പിന്നീട് ഇയാൾ ഇവരെ കബളിപ്പിച്ചു തന്ത്രപൂർവം ഒഴിവാക്കുകയായിരുന്നു. കബളിപ്പിക്കപ്പെട്ടതായി സംശയം തോന്നിയ ഇവർ വിനോദയാത്ര സ്ഥാപനം അന്വേഷിച്ചു ചെന്നപ്പോൾ സ്ഥാപനം അടച്ചുപൂട്ടിയതായി കണ്ടെത്തി. തുടർന്ന് അശോകൻ പൊലീസിൽ പരാതി നൽകി. തട്ടിപ്പിനു ശേഷം പല സ്ഥലങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു ചാർലി.
അന്വേഷണത്തിനിടെ ജില്ലാ റൂറൽ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണു പ്രതി അറസ്റ്റിലായത്. സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതിനു ചാർലിക്കെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ കേസുണ്ട്.